റാലിയിൽ വിജയ് സംസാരിക്കുന്നു  Source: News Malayalam 24x7
NATIONAL

"ദുരന്തത്തില്‍ ദുരൂഹത, പിന്നിൽ ഡിഎംകെ"; അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിലേക്ക്

കേസ് സിബിഐക്ക് കൈമാറണമെന്നാണ് ടിവികെയുടെ ആവശ്യം

Author : ന്യൂസ് ഡെസ്ക്

തമിഴ്‌നാട്: കരൂര്‍ ദുരന്തത്തില്‍ അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ തമിഴക വെട്രി കടകം. സംഭവത്തിന് പിന്നിൽ ഡിഎംകെയുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് ടിവികെ ഹൈക്കോടതിയെ സമീപിക്കുന്നത്. അപകടത്തിൽ 40 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയോ അല്ലെങ്കിൽ കേസ് സിബിഐക്ക് കൈമാറുകയോ ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ടിവികെയുടെ അഭിഭാഷകൻ അരിവഴകൻ എൻഡിടിവിയോട് പറഞ്ഞു. സംഭവത്തിന് പിന്നിൽ ഡിഎംകെയുടെ ഗൂഢാലോചനയാണെന്നും ടിവികെ ആരോപിക്കുന്നുണ്ട്. റാലിയിൽ ടിവികെ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ അരിവഴകൻ തള്ളി.

"കരൂരിലെ സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടായിരുന്നു. അതിനാൽ സംസ്ഥാന ഏജൻസിയെക്കൊണ്ട് അല്ലാതെ സ്വതന്ത്രമായി ഇക്കാര്യം അന്വേഷിക്കാൻ ബഹുമാനപ്പെട്ട ഹൈക്കോടതിയോട് ഞങ്ങൾ അഭ്യർഥിച്ചു," അഭിഭാഷകൻ അരിവഴകനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് വിജയ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ വീതവും നല്‍കും. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് വിജയ്‌യുടെ പ്രഖ്യാപനം. കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം പണം കൊണ്ട് നികത്താനാകില്ലെന്ന് അറിയാമെന്ന് പോസ്റ്റില്‍ വിജയ് പറയുന്നു. കഴിഞ്ഞ ദിവസം കരൂരില്‍ സംഭവിച്ചതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഹൃദയവും മനസും പറയാനാകാത്ത വിധം ഭാരമുള്ളതാകുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ്.

SCROLL FOR NEXT