NATIONAL

ഇനി വിജയ് 'സര്‍ക്കാര്‍'; ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രി

തൃഷയും ചടങ്ങിന് എത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ദിവസങ്ങള്‍ നീണ്ട നാടകീയതയ്‌ക്കൊടുവില്‍ തമിഴ്നാട് സട്രമൻഡ്രത്തിലേക്ക് നടന്ന് കയറുയറി വിജയ്. ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ പത്ത് മണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്‌നാടിന്റെ മുതല്‍വരായി വിജയ് അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനമാത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

എന്‍. ആനന്ദ്, ആദവ് അര്‍ജുന, കെ.ജി. അരുണ്‍രാജ്, കെ.എ. സെങ്കോട്ടയ്യന്‍, പി. വെങ്കിട്ടരമണന്‍, ആര്‍. നിര്‍മല്‍ കുമാര്‍, ടി.കെ. പ്രഭു, എസ്. കീര്‍ത്തന, രാജ്‌മോഹൻ എന്നീ മന്ത്രിമാരും വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

തൃഷയും ചടങ്ങിന് എത്തിയിരുന്നു. മുന്‍നിരയില്‍ തന്നെയായിരുന്നു തൃഷയ്ക്ക് ഇരിപ്പിടം ഒരുക്കിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തമിഴ്‌നാട് ബിജെപി പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍ അടക്കമുള്ളവരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്, കേവല ഭൂരിപക്ഷത്തിന് പത്തു സീറ്റുകള്‍ മാത്രം അകലെയായിരുന്നു. കോണ്‍ഗ്രസിന്റേയും ഇടതുപാര്‍ട്ടികളുടേയും പിന്തുണ നേരത്തെ തന്നെ ടിവികെ ഉറപ്പാക്കി. ഇതോടെ കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ രണ്ട് സീറ്റുകള്‍ കൂടിയായിരുന്നു ടിവികെയ്ക്ക് വേണ്ടിയിരുന്നത്.

എന്നാല്‍ 5 ദിനങ്ങള്‍ വേണ്ടിവന്നു ടിവികെയ്ക്ക് കേവലഭൂരിപക്ഷമായ 118 എന്ന മാജിക് നമ്പറിലേക്കെത്താന്‍. നിര്‍ണായക വേളയില്‍ നിരുപാധിക പിന്തുണയുമായി വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ) എത്തിയതോടെ ടിവികെ കേവല ഭൂരിപക്ഷം ഉറപ്പിച്ചു. വിസികെ സംസ്ഥാന പ്രസിഡന്റ് തോള്‍ തിരുമാവളവന്‍ പിന്തുണ കത്ത് ടിവികെ നേതാവ് ആധവ് അര്‍ജുനയ്ക്ക് കൈമാറി.

വിസികെ പിന്തുണക്ക് പിന്നാലെ മുസ്ലിം ലീഗും ടിവികെയ്ക്ക് പിന്തുണ കത്ത് കൈമാറി. വിസികെയുടേയും മുസ്ലിം ലീഗിന്റെയും രണ്ട് വീതം സീറ്റ് കൂടി ലഭിച്ചതോടെ കേവലഭൂരിപക്ഷമായ 118 എന്ന മാജിക് നമ്പറും കടന്ന് ടിവികെ 120 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ചു.

മൂന്ന് തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് വിജയ് ഗവര്‍ണറെ കണ്ടെങ്കിലും ആദ്യം മുതലേ എം എല്‍ എമാരുടെ എണ്ണത്തിലെ കുറവും വ്യക്തമായ പിന്തുണക്കത്തുകള്‍ ഹാജരാക്കാത്തതും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉടക്കിട്ടിരിക്കുകയായിരുന്നു ഗവര്‍ണര്‍.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുന്നതിന് പകരം 118 എംഎല്‍എമാരുടെയും പിന്തുണക്കത്തുകള്‍ നേരിട്ട് ഹാജരാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത് ടിവികെയുടെ നീക്കങ്ങള്‍ക്ക് തടസ്സമായി. എന്നാല്‍ 108 സീറ്റില്‍ നിന്ന് 120 എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ കൂടിക്കാഴ്ചക്കായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. അങ്ങനെ വമ്പന്‍ ട്വിസ്റ്റുകള്‍ക്കൊടുവിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്.

SCROLL FOR NEXT