ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെറും മൂന്ന് മണിക്കൂര്‍ നേരത്തേക്കായിരുന്നു യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനം.
വിമാനത്താവളത്തിലെത്തിയ മോദി നഹ്യാനെ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. യുഎഇ പ്രസിഡന്റിനൊപ്പമുള്ള ചിത്രങ്ങളും മോദി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'തന്റെ സഹോദരനെ സ്വീകരിക്കാനായി വിമാനത്താവളത്തിലേക്ക് പോയി' എന്ന കുറിപ്പോടെയാണ് മോദി ചിത്രങ്ങള്‍ പങ്കുവെച്ചത്.
വിമാനത്താവളത്തില്‍ നിന്നും ഒരേ വാഹനത്തിലാണ് ഇരു നേതാക്കളും യാത്ര ചെയ്തത്. ഇറാന്‍-യുഎസ് ബന്ധത്തിലെ വിള്ളല്‍, ഗാസയില്‍ തുടരുന്ന അസ്ഥിരത, സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടുന്ന പരിഹരിക്കപ്പെടാത്ത യെമന്‍ സംഘര്‍ഷം തുടങ്ങി പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് യുഎഇ പ്രസിഡന്റിന്റെ ഹ്രസ്വ നേരം മാത്രമുള്ള ഇന്ത്യാ സന്ദര്‍ശനം.
പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് മുഹമ്മദിന്റെ സന്ദര്‍ശനമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം ഷെയ്ഖ് മുഹമ്മദിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്.
ഇതിനു മുമ്പ് 2024 ല്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാനും 2025 ഏപ്രിലില്‍ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഇന്ത്യയിലെത്തിയിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ 'ബോര്‍ഡ് ഓഫ് പീസ്' ലേക്ക് ഇന്ത്യയക്കമുള്ള രാജ്യങ്ങളെ ക്ഷണിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യുഎഇ ഭരണാധികാരിയുടെ സന്ദര്‍ശനം. ട്രംപിന്റെ ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.