Source: X
NATIONAL

'അവിടെ ഭാര്യ ഭർത്താവിനെ അന്വേഷിക്കുകയാണ്': വിജയ്‌ക്കെതിരെ വ്യക്തിപരമായ ആക്രമണവുമായി ഉദയനിധി സ്റ്റാലിൻ

ഇന്ന് രാവിലെ നിയമസഭയിൽ വിജയ് ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌യെ വ്യക്തിപരമായി കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ചെങ്കൽപ്പേട്ട് കോടതിയിൽ ഭർത്താവിനെ അന്വേഷിക്കുന്ന ഭാര്യയുടെ കഥ' എന്നായിരുന്നു ഉദയനിധി സ്റ്റാലിൻ്റെ കമൻ്റ്. വിജയ്‌യുടെ ഭാര്യ സംഗീത സൊർണലിംഗം 2025 ഡിസംബറിൽ ചെങ്കൽപ്പേട്ടു കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതിനെ സംബന്ധിച്ചായിരുന്നു ഉദയനിധിയുടെ പരിഹാസം.

"പ്രതിപക്ഷ പാർട്ടികളുടെ പ്രേരണ കൊണ്ടാണ് കർഷകർ പ്രതിഷേധിക്കുന്നതെന്ന് പറഞ്ഞ വിജയ്‌യുടെ പരാമർശം അപലപനീയമാണ്. അവരുടെ അന്തസിനെ ബാധിക്കുന്നതാണ് ഒരു ചെറുകഥയാണ് താൻ പറയുന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന. ചെങ്കൽപ്പേട്ട് കോടതിയിൽ ഭർത്താവിനെ അന്വേഷിക്കുന്ന ഭാര്യയുടെ കഥ തമിഴ്‌നാടിന് മാത്രമേ അറിയൂ. അതിനാൽ, ഇപ്പോഴെങ്കിലും അത് മറക്കൂ," എന്നായിരുന്നു സ്റ്റാലിൻ്റെ പരാമർശം.

ഏറെ വിവാദമായ വിജയ്- സംഗീത വിവാഹമോചന കേസ് ചെങ്കൽപേട്ട് കുടുംബ കോടതിയിൽ പുരോഗമിക്കുകയാണ്. അടുത്ത വാദം ഓഗസ്റ്റ് 7 ന് നടക്കാനിരിക്കെയാണ് വീണ്ടും വിഷയം ചർച്ചകളിൽ നിറയുന്നത്. ഇന്ന് രാവിലെ നിയമസഭയിൽ വിജയ് ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. "പാർട്ടി ഫണ്ട് പിരിവ്" എന്ന പേരിൽ ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്ന പൊതു ഫണ്ട് തൻ്റെ സർക്കാർ തിരിച്ചുപിടിക്കുമെന്നായിരുന്നു അദ്ദേഹം അവകാശ വാദം. തുടർന്ന് പ്രതിപക്ഷത്തിൻ്റെ ഭാഗത്തു നിന്നും കടുത്ത എതിർപ്പ് ഉയരുകയും തെളിവുകൾ ഉണ്ടെങ്കിലേ ഇത്തരത്തിൽ സംസാരിക്കാവൂ എന്ന് ആവശ്യപ്പെട്ട് ഉദയനിധി രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ വീണ്ടും ഡിഎംകെയെ പോലെ ടിവികെ ഒരിക്കലും അഴിമതിയിൽ ഏർപ്പെടില്ലെന്നും സർക്കാർ ഖജനാവ് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും വിജയ് തൻ്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തെരഞ്ഞെടുപ്പിന് മുമ്പ് കാണിച്ച വൈറൽ ആംഗ്യവും സ്പീക്കറുടെ അനുമതിയോടെ വിജയ് നിയമസഭയിൽ അനുകരിച്ചു. ഇതിന് പിന്നാലെയായിരുന്നു ഉദയനിധി സ്റ്റാലിൻ്റെ വ്യക്തിപരമായ പരാമർശം. ടിവികെ നിയമസഭയെ ഒരു സിനിമാ തിയേറ്ററാക്കി മാറ്റി. അവർ ഇപ്പോൾ വിസിൽ അടിക്കാൻ തുടങ്ങിയിരിക്കുന്നു. താമസിയാതെ മന്ത്രിമാർ നിയമസഭയിൽ പാട്ടുകൾ കേൾക്കുകയും ഐറ്റം ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യും. മുഖ്യമന്ത്രിയുടെ പ്രസംഗം റീലുകൾക്കും സോഷ്യൽ മീഡിയയ്ക്കും വേണ്ടിയുള്ളതാണെന്നും സ്റ്റാലിൻ പരിഹസിച്ചു. സ്പീക്കർ 'ആക്ഷൻ', 'കട്ട്' എന്ന് പറയുന്നു. ആക്ഷന് അദ്ദേഹം സ്പീക്കറുടെ അനുമതി ചോദിക്കുന്നു. അടുത്തതായി, ഒരു കാരവാനും മേക്കപ്പ് ആർട്ടിസ്റ്റുകളും ഒരു സ്റ്റണ്ട് മാസ്റ്ററും ഇവിടെയെത്തുമെന്നും ഉദയനിധി സ്റ്റാലിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

SCROLL FOR NEXT