NATIONAL

കത്തുന്ന ചിതയിൽ മൃതദേഹ ഭാഗങ്ങൾ ഭക്ഷിച്ചു; ലേഡി അഘോരിയെ പൊലീസ് പിടികൂടി

സോഷ്യൽ മീഡിയയിൽ റീൽസുകൾ ചെയ്ത് ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടി മാത്രം നടത്തിയ ഈ അതിക്രമം നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി.

Author : ന്യൂസ് ഡെസ്ക്

ഭോപ്പാൽ: കത്തുന്ന ചിതയിൽ നിന്ന് വാളുകൊണ്ട് മൃതദേഹ ഭാഗങ്ങൾ കുത്തിയെടുത്ത് ഭക്ഷിച്ച കുപ്രസിദ്ധ ലേഡി അഘോരി ഒടുവിൽ പൊലീസിന്റെ വലയില്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സമൂഹമാധ്യമങ്ങളില്‍ സ്വയം അഘോരിയെന്ന് വിശേഷിപ്പിക്കുന്ന കാളി നന്ദ് ഗിരിയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ തരംഗമാകാനായിരുന്നു കാളി നന്ദ് ഗിരിയുടെ മൃതദേഹത്തോടുള്ള ക്രൂരത.

ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള ചക്രതീർഥ ശ്മശാനത്തില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ആ നടുക്കുന്ന ദൃശ്യം പുറത്ത് വന്നത്. കത്തുന്ന ചിതയ്ക്ക് സമീപം വാളുമേന്തി നിൽക്കുന്ന കാളി നന്ദ് ഗിരി. ചിതയിൽ നിന്ന് മനുഷ്യ മാംസം കുത്തിയെടുത്ത് ഭക്ഷിക്കുന്നു. സോഷ്യൽ മീഡിയയിൽ റീൽസുകൾ ചെയ്ത് ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടി മാത്രം നടത്തിയ ഈ അതിക്രമം നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി.

സേനാപതി കാൽ ഭൈരവ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജീവാജിഗഞ്ച് പൊലീസ് നന്ദ് ഗിരിയെ അറസ്റ്റ് ചെയ്തത്. ശ്മശാനത്തിലേക്ക് അതിക്രമിച്ച് കടന്നതിനും, സംസ്കാരച്ചടങ്ങുകൾ അലങ്കോലപ്പെടുത്തിയതിനും, മൃതദേഹത്തോട് അനാദരവ് കാണിച്ചതിനുമുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് കേസ്. കിന്നർ അഖാഡയിലെ മഹാമണ്ഡലേശ്വർ ആണെന്നാണ് ഇവരുടെ അവകാശവാദം. അല്ലൂരി ശ്രീനിവാസ് എന്ന പുരുഷനായി ജനിച്ച്, പിന്നീട് ട്രാൻസ്‌ജെൻഡറായി മാറിയ വ്യക്തിയാണ് കാളി നന്ദ് ഗിരി.

ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും സന്ദർശിച്ച് റീൽസുകൾ ചെയ്യുന്നതിനിടയിൽ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതിനും ഇയാള്‍ക്കെതിരെ പരാതികളുണ്ട്. താന്ത്രിക് മന്ത്രവാദം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് തെലങ്കാന സ്വദേശിയായ യുവതിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസും നിലവിലുണ്ട്. പ്രതിയുടെ സ്വത്തുവകകളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രശസ്തിക്കും പണത്തിനും വേണ്ടി മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ച കാളി നന്ദ് ഗിരിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT