ന്യൂഡൽഹി: ഡൽഹി കലാപ ഗൂഡാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് മൂന്ന് ദിവസത്തെ ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ കർശന ഉപാധികളോടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങാനാവുക. ചികിത്സയിലുള്ള മാതാവിനെ കാണാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, മധു ജെയ്ൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉമർ ഖാലിദിൻ്റെ ജാമ്യം പരിഗണിച്ചത്.
ശസ്ത്രക്രിയക്ക് വിധേയയാകുന്ന മാതാവിനെ കാണാനും കുടുംബത്തിലെ അടുത്ത ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുമായി 15 ദിവസത്തേക്ക് ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ഡല്‍ഹി കര്‍ക്കര്‍ദൂമ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഉമർ ഖാലിദ് ഹർജി സമർപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം കോടതി ഇത് തള്ളുകയായിരുന്നു. പിന്നാലെയാണ് ഉമര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഒരു മൊബൈല്‍ ഫോണ്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഫോണ്‍ നമ്പര്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഉപാധിയിൽ നിർദേശമുണ്ട്.
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ അഞ്ച് വര്‍ഷത്തിലേറെയായി ജയിലിലാണ് ഉമര്‍ ഖാലിദ്. ജെഎൻയു വിദ്യാർഥി നേതാവായിരുന്ന ഉമർ ഖാലിദിനെ 2020 സെപ്റ്റംബർ 14നാണ് അറസ്റ്റ് ചെയ്തത്. യുഎപിഎസ 1967ലെ ആയുധം കൈവശം വെക്കല്‍ നിയമം, യുഎപിഎ, കലാപശ്രമം, കൊലപാതകം, വധശ്രമം, രാജ്യദ്രോഹം ഉൾപ്പടെയുള്ള ഗുരുതുര വകുപ്പുകളാണ് ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 17ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗം ബിജെപി ഐടി സെൽ പ്രചരിപ്പിച്ചത്. ഈ പ്രസംഗം മുന്നോട്ട് വച്ചാണ് ഗൂഢാലോചന ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്തത്.