ഡൽഹി: ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി മാത്രമായാൽ പോരായെന്നും എത്രയും വേഗത്തിൽ ലോകത്തെ തന്നെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റ് വിലയിരുത്തി സംസാരിക്കവെയാണ് മോദി വിലയിരുത്തൽ നടത്തിയത്.
"ഇന്ത്യയിലെ 140 കോടി പൗരന്മാർ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാകുന്നതിൽ തൃപ്തരല്ല. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” പ്രധാനമന്ത്രി മോദി പറഞ്ഞു.
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ച ബജറ്റിനെ ഐതിഹാസികമെന്നാണ് മോദി വിശേഷിപ്പിച്ചത്. 'വികസിത് ഭാരത് 2047'ലേക്കുള്ള ശക്തമായ അടിത്തറ പാകുന്ന ബജറ്റാണിത്. ലോകത്തിൻ്റെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ആത്മനിർഭർ ഭാരതത്തിനായുള്ള ബജറ്റാണിത്. ഇത് സ്ത്രീശക്തിയെ പ്രതിഫലിപ്പിക്കുന്ന ബജറ്റാണെന്നും മോദി പ്രശംസിച്ചു.
ഇന്ത്യ ഇന്ന് സഞ്ചരിക്കുന്ന 'റിഫോം എക്സ്‌പ്രസിന്' ഈ ബജറ്റ് പുതിയ ഊർജ്ജവും വേഗതയും സമ്മാനിക്കും. പുതിയ പാത വെട്ടിത്തുറക്കുന്ന പരിഷ്കാരങ്ങൾ ഇന്ത്യയിലെ ധീരരും കഴിവുള്ളവരുമായ യുവാക്കൾക്ക് തുറന്ന ആകാശമാണ് നൽകുന്നത്.