കൊച്ചി: പാചകവാതക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ എസ്മ (എസന്‍ഷ്യല്‍ സര്‍വീസസ് മെയിന്റനന്‍സ് ആക്ട്) ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അഞ്ച് സിലണ്ടറിൽ കൂടുതൽ കൈവശം വച്ചാൽ നടപടിയുണ്ടാകും. ഇന്ന് രാവിലെയോടെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. എൽപിജി, വാണിജ്യ സിലിണ്ടറുകൾ, സിഎൻജി എന്നീ മൂന്നിനും നടപടി ബാധകമാകും. ഇവയുടെ വിതരണമടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനും പൊലീസിനും നടപടി വഴി നേരിട്ട് ഇടപെടാനാകും. അഞ്ചിൽ കൂടുതൽ ഗാർഹിക സിലിണ്ടറുകൾ കൈവശം വച്ചാൽ അത് പിടിച്ചെടുക്കാൻ പൊലീസിന് കഴിയും. ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും കടന്നേക്കും.
പെട്രോളിയം ഉൽപ്പന്ന ക്ഷാമം ഭാരതത്തിൽ പാചകവാതക മേഖലയെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. ഇതിനായി എൽപിജി സിലിണ്ടർ ബുക്കിങ് ഇടവേള 21 ദിവസത്തിൽ നിന്ന് 25 ദിവസമായി സർക്കാർ നീട്ടിയിട്ടുണ്ട്. റെസ്‌റ്റോറന്റുകൾ, ഓട്ടോമൊബൈലുകൾ, മറ്റ് മേഖലകൾ എന്നിവയ്‌ക്കുള്ള എൽപിജി പ്രശ്‌നങ്ങൾക്കായി, പെട്രോളിയം മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അവശ്യ സേവനങ്ങൾ തടസപ്പെടാതിരിക്കാൻ സർക്കാർ ഉപയോഗിക്കുന്ന നിയമമാണ് എസ്മ. ആശുപത്രികൾ, വൈദ്യുതി, ജലവിതരണം, പൊതുഗതാഗതം തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റിലെ നമ്പർ 33 പ്രകാരം ഇന്ത്യൻ പാർലമെന്റ് നടപ്പാക്കുന്ന നിയമമാണിത്.