NATIONAL

ഒസിഐ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് കത്ത്; ജോണ്‍ ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്രമന്ത്രി അമിത് ഷാ

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിനിടെയാണ് അമിത് ഷായുടെ നീക്കം.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനിടെ കേരളമടക്കമുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര മന്ത്രി അമിത് ഷാ. ആദ്യമായാണ് കേന്ദ്ര മന്ത്രി ഔദ്യോഗിക മറുപടി മലയാളത്തില്‍ നല്‍കുന്നത്. കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിനിടെയാണ് അമിത് ഷായുടെ നീക്കം.

കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ നിലപാട് എടുക്കുന്നയാള്‍ കൂടിയാണ് ജോണ്‍ ബ്രിട്ടാസ്. ചര്‍ച്ചകളില്‍ ഹിന്ദിയിലുള്ള നീളന്‍ പ്രസംഗങ്ങള്‍ വരുമ്പോള്‍ മറ്റ് അംഗങ്ങള്‍ക്ക് അത് മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തര്‍ജമ ചെയ്ത് മനസിലാക്കാന്‍ സാധിക്കുന്ന ഉപകരണം നല്‍കണമെന്നും യഥാര്‍ഥ നീതി നടപ്പാക്കാന്‍ ഭാഷയുടെ കാര്യത്തില്‍ തുല്യതയുണ്ടാകണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടിരുന്നു.

അമിത്ഷാ അയച്ച മറുപടി

ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) രജിസ്‌ട്രേഷന്‍ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 22ന് ബ്രിട്ടാസ് അയച്ച കത്തിന് മറുപടിയായാണ് നവംബര്‍ 14ന് അമിത് ഷാ മലയാളത്തില്‍ കത്തയച്ചത്. ഔദ്യോഗിക മറുപടികൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് സാധാരണ നൽകുക.

'ഡോ. ജോണ്‍ ബ്രിട്ടാസ് ജി, ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിജ്ഞാപനവുമായി ബന്ധപ്പെട്ട് 2025, ഒക്ടോബര്‍ 22ന് താങ്കള്‍ അയച്ച കത്ത് ലഭിച്ചിട്ടുണ്ട്. നന്ദിയോടെ താങ്കളുടെ അമിത് ഷാ,' എന്നാണ് കത്തിന് നല്‍കിയിരിക്കുന്ന മറുപടി.

കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒസിഐ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ജോണ്‍ ബ്രിട്ടാസ് എംപി കത്ത് നല്‍കിയത്. അതേസമയം പ്രശ്‌നങ്ങളുടെ ഉള്‍വശങ്ങളിലേക്ക് കടക്കാന്‍ തയ്യാറാകാതെയാണ് അമിത് ഷാ മറുപടി നല്‍കിയതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു.

SCROLL FOR NEXT