നരേന്ദ്ര മോദി, കിരൺ റിജിജു, അസദുദീൻ ഒവൈസി Source: X/ Asaduddin Owaisi, Kiren Rijiju
NATIONAL

മോദിക്ക് കീഴിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ സന്തുഷ്ടരെന്ന് കിരൺ റിജിജു; കുടിയേറി പോകാത്തത് അവകാശങ്ങൾക്കായി പോരാടാൻ ധൈര്യമുള്ളതിനാലെന്ന് ഒവൈസി

ഇന്ത്യയിലെ ന്യൂനപക്ഷ സമുദായാംഗങ്ങൾ അയൽരാജ്യങ്ങളിലേക്ക് കുടിയേറുന്നില്ലെന്നും രാജ്യത്ത് ഭൂരിപക്ഷ ഹിന്ദുക്കളേക്കാൾ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഉണ്ടെന്നുമുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ വാഗ്വാദത്തിലേർപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസിയും. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായാംഗങ്ങൾ അയൽരാജ്യങ്ങളിലേക്ക് കുടിയേറുന്നില്ലെന്നും രാജ്യത്ത് ഭൂരിപക്ഷ ഹിന്ദുക്കളേക്കാൾ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഉണ്ടെന്നുമുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്.

ഇന്ത്യൻ മുസ്ലീങ്ങൾ പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ കുടിയേറി പോകുന്നില്ലെന്നും അതിന് കാരണം ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി ന്യൂനപക്ഷങ്ങൾക്ക് അധിക ആനുകൂല്യങ്ങൾ നൽകുന്നതാണെന്നും കേന്ദ്രമന്ത്രി തിങ്കളാഴ്ച എക്സിൽ കുറിച്ചു. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേമ പദ്ധതികൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ പദ്ധതികൾ ന്യൂനപക്ഷങ്ങൾക്ക് അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്," കിരൺ റിജിജു എക്സിൽ കുറിച്ചു.

അതേസമയം, ഇന്ത്യൻ മുസ്ലീങ്ങൾ രാജ്യത്ത് തന്നെ തുടരാൻ തീരുമാനിച്ചത് സുഖസൗകര്യങ്ങൾ കൊണ്ടല്ലെന്നും മറിച്ച് അവരുടെ അവകാശങ്ങൾക്കായി പോരാടാൻ ധൈര്യമുള്ളത് കൊണ്ടാണെന്നും എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി തിരിച്ചടിച്ചു. ഞങ്ങൾ എങ്ങോട്ടും ഓടിപ്പോകാത്തതിന് കാരണം അവകാശങ്ങൾക്കായി ഞങ്ങൾ പോരാടുന്നത് കൊണ്ടാണെന്നും ഇന്ത്യയെ പരാജയപ്പെട്ട സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യരുതെന്നും ഒവൈസി കേന്ദ്രമന്ത്രിയെ വിമർശിച്ചു.

"കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിൻ്റെ അഭിപ്രായം ന്യൂനപക്ഷങ്ങൾ കുടിയേറുന്നില്ലെങ്കിൽ അവർ സന്തുഷ്ടരാണ് എന്നാണ്. എന്നാൽ, യഥാർത്ഥത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പലായനം ചെയ്യുന്ന ശീലമുള്ളവരല്ല. നമ്മൾ ബ്രിട്ടീഷുകാരിൽ നിന്ന് ഓടിപ്പോയിട്ടില്ല.. വിഭജനകാലത്തും നമ്മൾ ഓടിപ്പോയിട്ടില്ല.. ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഞങ്ങൾ ഒരിക്കലും അടിച്ചമർത്തലുകാരുമായി സഹകരിക്കുകയോ അവരിൽ നിന്ന് ഒളിച്ചോടുകയോ ചെയ്തിട്ടില്ല എന്നത് മനസിലാകും," കിരൺ റിജിജുവിൻ്റെ എക്സ് പോസ്റ്റിന് മറുപടിയായി ഒവൈസി കുറിച്ചു.

SCROLL FOR NEXT