NATIONAL

ഉന്നാവോ ബലാത്സംഗ കേസ്: സിബിഐ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുക

Author : വിന്നി പ്രകാശ്

ഉന്നാവോ ബലാത്സംഗ കേസിൽ സിബിഐ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പ്രതി കുൽദീപ് സെൻഗാറിൻ്റെ ശിക്ഷ മരവിപ്പിച്ച നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ ഹർജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുക. കുൽദീപ് സെൻഗാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധി ഡൽഹി ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സിബിഐ അപ്പീൽ നൽകിയത്.

ഡൽഹി ഹൈക്കോടതി വിധി യുക്തിഹീനമെന്നാണ് സിബിഐ വാദം. സിബിഐ നേരത്തെ കർശനമായ നിലപാട് എടുത്തിരുന്നെങ്കിൽ തനിക്ക് നീതി ലഭിച്ചേനെയെന്ന് അതീജിവിത കുറ്റപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയുമാണ് അതിജീവിത.

അതേസമയം, ഉന്നാവോ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഹമ്മദ് പട്ടേലിൻ്റെ മകൾ മുംതാസ് പട്ടേലടക്കമുള്ളവർ പാർലമെൻ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിധിക്കെതിരെ പ്രതിഷേധിച്ച അതിജീവിതയും അമ്മയും കഴിഞ്ഞ ദിവസം കൈയേറ്റം ചെയ്യപ്പെട്ടിരുന്നു.

2017ലാണ് ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗർ ബലാത്സംഗത്തിനിരയാക്കിയത്. കേസിൽ ഇയാൾക്ക് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതാണ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്. ഡൽഹിയിൽ തുടരണമെന്നും അതിജീവിതയുടെ വീടിന് 5 കിലോമീറ്റർ ചുറ്റളവിൽ പോവുകയോ അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന കർശന ഉപാധികളോടെയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്.

SCROLL FOR NEXT