Source: SocialMedia
NATIONAL

കുടിശിക തീർപ്പാക്കിയില്ല; സ്പൈസ് ജെറ്റിന് വ്യോമാതിർത്തി വിലക്കി ബംഗ്ലാദേശ്

ഇനി വിമാനങ്ങൾക്ക് ദീർഘദൂര റൂട്ടുകൾ സ്വീകരിക്കേണ്ടി വരും

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വിവിധയിനങ്ങളിൽ നൽകേണ്ട കുടിശിക തീർപ്പാക്കാത്തതിനാൽ ഇന്ത്യയുടെ ബജറ്റ് എയർലൈനായ സ്പൈസ് ജെറ്റിന് വ്യോമാതിർത്തി വിലക്കി ബംഗ്ലാദേശ്. ലാൻഡിങ് ഫീസ്, പാർക്കിങ് ചാർജുകൾ, നാവിഗേഷൻ ഫീസ് തുടങ്ങിയ ഇനങ്ങൾ സ്പൈസ് ജെറ്റ് ബംഗ്ലാദേശ് അധികൃതർക്ക് വലിയ തുക കുടിശിക വരുത്തിയിട്ടുണ്ട്. ഇത് അടച്ചുതീർക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് നടപടി.

വലിയ തുകയുടെ ബാധ്യത വന്നതോടെയാണ് ബംഗ്ലാദേശ് വ്യോമപാത ഉപയോഗിക്കുന്നതിൽ നിന്ന് എയർലൈനിനെ തടഞ്ഞത്. ബംഗ്ലാദേശ് വ്യോമാതിർത്തി ലഭ്യമല്ലാത്തിനാൽ ഇനി വിമാനങ്ങൾക്ക് ദീർഘദൂര റൂട്ടുകൾ സ്വീകരിക്കേണ്ടി വരും. ഈ സാഹചര്യം എയർലൈനിൻ്റെ ഇന്ധനച്ചെലവും വർധിപ്പിക്കും.

എയർലൈൻ ഇതിനകം തന്നെ സാമ്പത്തിക സമ്മർദ്ദം നേരിടുന്ന സമയത്താണ് പുതിയ പ്രതിസന്ധി. 2025 ഡിസംബറിലെ കണക്ക് പ്രകാരം, സ്‌പൈസ്‌ജെറ്റ് 269.27 കോടി രൂപയുടെ അറ്റനഷ്ടമാണെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ വിലക്കു കൂടി വരുമ്പോൾ , ഇന്ധന ചെലവിലെ വർധന ഉൾപ്പെടെ കനത്ത നഷ്ടത്തിനാണ് സാധ്യത.

നിലവിലെ പ്രതിസന്ധി സർവീസുകളെ തടസപ്പെടുത്തിയതായി വിവരമില്ല. ബംഗ്ലാദേശ് അധികൃതരുമായി പ്രശ്‌നം പരിഹരിക്കാൻ ചർച്ചകൾ നടത്തുന്നുണ്ടെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. പലതും ഇവ പതിവ് വ്യവസായ പ്രശ്നങ്ങളാണെന്നും, എത്രയും വേഗം പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും അവർ വ്യക്തമാക്കി.

SCROLL FOR NEXT