ലക്‌നൗ: 'ഐ ലവ് മുഹമ്മദ്' കാമ്പയിനെ പിന്തുണച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത പ്രാദേശിക മുസ്ലീം പുരോഹിതനും ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ മേധാവിയുമായ തൗഖീർ റാസയെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. കാമ്പയിനെ പിന്തുണച്ച് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് കസ്റ്റഡി. വീഡിയോ പങ്കുവച്ചതിനു പിന്നാലെ, കാമ്പയിനു പിന്തുണ അറിയിച്ച് വലിയ ജനക്കൂട്ടമാണ് റാസയുടെ വീടിനു മുന്നില്‍ തടിച്ചുകൂടിയത്.
ബറേലിയില്‍ വെള്ളിയാഴ്ച പ്രാർഥനയ്ക്കു ശേഷം, 'ഐ ലവ് മുഹമ്മദ്' പ്ലക്കാർഡുകളുമേന്തി വലിയ പ്രക്ഷോഭം നടന്നിരുന്നു. കല്ലേറുണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഏഴ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. റാസ ഉള്‍പ്പെടെ 40 പേര്‍ കസ്റ്റഡിയിലുണ്ട്. 1700 പേര്‍ക്കെതിരെ കലാപം, സര്‍ക്കാര്‍ ജോലി തടസപ്പെടുത്തല്‍, പൊലീസുകാര്‍ക്കെതിരായ അക്രമം എന്നീ വകുപ്പുകള്‍ പ്രകാരം കേസുമെടുത്തിട്ടുണ്ട്. സമാധാനാന്തരീക്ഷം തകര്‍ത്ത് പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് പൊലീസിനുള്ള നിര്‍ദേശം. ഉത്തർപ്രദേശിലെ മൗവിലും, വെള്ളിയാഴ്ച പ്രാർത്ഥനക്കു പിന്നാലെ പ്രക്ഷോഭമുണ്ടായി. പ്രക്ഷോഭകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട പൊലീസിനുനേരെ കല്ലേറുണ്ടായി. തുടർന്ന് പൊലീസ് ലാത്തി വീശി.
സെപ്തംബർ നാലിന് ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന ഈദ്-ഇ-മിലാദ്-ഉൻ-നബി പരിപാടിയിലാണ് വിവാദങ്ങൾക്ക് തുടക്കം. നബിദിന പരിപാടി പോകുന്ന വഴിയിൽ 'ഐ ലവ് മുഹമ്മദ്' എന്ന പോസ്റ്റർ പതിച്ചിരുന്നു. നവരാത്രി പോലുള്ള ഹിന്ദു ആഘോഷങ്ങൾ സ്ഥിരമായി നടക്കുന്ന സ്ഥലത്ത് മനപ്പൂർവം പോസ്റ്റർ പതിച്ചെന്നായിരുന്നു പ്രാദേശിക ഹിന്ദു സംഘടനകളുടെ ആരോപണം. ഈ തര്‍ക്കമാണ് പിന്നീട് സംഘര്‍ഷമായി മാറിയത്. തങ്ങളുടെ പോസ്റ്ററുകൾ കീറിയെറിഞ്ഞെന്ന് ഹിന്ദുക്കൾ ആരോപിച്ചു. പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിച്ചതിനാലാണ് തങ്ങളെ ലക്ഷ്യം വെക്കുന്നതെന്ന് മുസ്ലിങ്ങളും ആരോപിച്ചു. പിന്നാലെ, #ILoveMuhammad എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.
ഹാഷ് ടാഗുകള്‍ ട്രെന്റിങ്ങായതിനു പിന്നാലെ കാമ്പയിന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. കഴിഞ്ഞയാഴ്ച ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലുണ്ടായ പ്രക്ഷോഭത്തിൽ ഒരു വിഭാഗം കടകൾക്കു നേരെ കല്ലെറിയുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.'ഐ ലവ് മുഹമ്മദ്'എന്ന് എഴുതിയ പോസ്റ്റർ കീറിയതിനെ തുടർന്ന് കർണാടകയിലെ ദാവൻഗിരിയിൽ ഇരുവിഭാഗങ്ങളും കല്ലേറ് നടത്തി. 'ഐ ലവ് മുഹമ്മദ്' പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് വാരണാസിയിൽ ഹിന്ദുമത നേതാക്കളുടെ നേതൃത്വത്തിൽ 'ഐ ലവ് മഹാദേവ്' പ്ലക്കാർഡുകളുമായി പ്രതിഷേധ കാമ്പയിനും നടന്നു. ഉത്തർപ്രദേശിലെ ഉന്നാവ്, മഹാരാജ് ഗഞ്ജ് ,ലഖ്നൗ, കൗസംബി എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.