NATIONAL

യുപി സര്‍ക്കാരിന് തിരിച്ചടി; മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി കോടതി

തെളിവുകളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി കേസില്‍ ദൈനംദിന വാദം കേള്‍ക്കലിനും കോടതി നിര്‍ദേശിച്ചു.

Author : ന്യൂസ് ഡെസ്ക്

ലഖ്‌നൗ: ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുപി സര്‍ക്കാരിന് തിരിച്ചടി. പ്രതികള്‍ക്കെതിരായ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് യുപിയിലെ അതിവേഗ കോടതി തള്ളിയത്.

മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ 14 പ്രതികള്‍ക്കെതിരായ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിആര്‍പിസി 321 പ്രകാരം സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് അഡീഷണല്‍ ജില്ലാ ജഡ്ജ് സൗരഭ് ദ്വിവേദി തള്ളിയത്.

തെളിവുകളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി കേസില്‍ ദൈനംദിന വാദം കേള്‍ക്കലിനും കോടതി നിര്‍ദേശിച്ചു. 2015ല്‍ ഗൗതം ബുദ്ധ് നഗറിലെ ദാദ്രിയില്‍ വെച്ചാണ് മുഹമ്മദ് അഖ്‌ലാഖിനെ ആള്‍ക്കൂട്ടം ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ അടക്കം 18 പേര്‍ക്കെതിരെയാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരു പ്രതി 2016ല്‍ മരിച്ചു. ബാക്കിയുള്ള 14 പേര്‍ നിലവില്‍ ജാമ്യത്തിലാണ്.

ഈ വര്‍ഷം ഒക്ടോബറിലാണ് യുപി സര്‍ക്കാര്‍ പ്രതികള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതിനെതിരെ അഖ്‌ലാഖിന്റെ കുടുംബവും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

SCROLL FOR NEXT