ന്യൂഡല്‍ഹി : ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കും. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ മുന്നോടിയായി ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ദേശീയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വലിയ ഒരുക്കങ്ങളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. കഴിഞ്ഞ രണ്ട് തവണകളിലായി ബി ജെ പി സംസ്ഥാനത്ത് നടപ്പാക്കുന്ന ജനവിരുദ്ധത തുറന്ന് കാണിക്കാനും ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടെ വിശ്വാസത്തിലെടുക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതോടൊപ്പം, വിവിധ പാര്‍ട്ടികളുടെ സഹകരണവും കോണ്‍ഗ്രസ് ഉറപ്പുവരുത്തുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം സമാജ് വാദി പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസമാണ് യുപിയില്‍ നല്‍കിയിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിക്ക് 37 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചപ്പോള്‍ ബി ജെ പിക്ക് 33 സീറ്റുകളില്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞിരുന്നത്. കോണ്‍ഗ്രസിന് ആറ് സീറ്റും ലഭിച്ചിരുന്നു.
ഇന്ത്യ മുന്നണി എന്ന നിലക്ക് സഹകരിക്കുമെന്നും സീറ്റ് വിഭജനം വിജയകരമായി നടപ്പാക്കി മികച്ച സ്ഥാനാര്‍ഥികളെ മുന്നണി രംഗത്തിറങ്ങുമെന്നും അഖിലേഷ് യാദവും പ്രതികരിച്ചു.
ഇതിനിടെ, അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും നേതൃത്വം നല്കുന്ന 'സാമൂഹിക പരിവര്‍ത്തന്‍ മോര്‍ച്ച' എന്ന മൂന്നാം മുന്നണിയും തിരഞ്ഞെടുപ്പ് രംഗത്തെ ചര്‍ച്ചകളില്‍ സജീവമാണ്. കോണ്‍ഗ്രസും സമാജ് വാദിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.