ഡൽഹി: തിഹാര്‍ ജയിലിൽ സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രവാദ കേസിൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത യുഎസ് പൗരൻ ഡൽഹി കോടതിയെ സമീപിച്ചു. യുഎസ് പൗരൻ മാത്യു ആരോൺ വാൻഡേക്ക് ആണ് കോടതിയെ സമീപിച്ചത്. ജയിലിലെ ഭക്ഷണക്രമം കാരണം 50 ദിവസത്തിലേറെയായി നിരാഹാരത്തിലാണെന്നും മാത്യു കോടതിയെ അറിയിച്ചു.
ജയിലിലെ ഭക്ഷണം അമിതമായി എരിവുള്ളതും എണ്ണയിൽ വറുത്തതും കൊഴുപ്പുള്ളതുമാണ്. ഇത് കാരണം നിരവധി തവണ നിരാഹാര സമരം നടത്തി. മെയ് ആറിന് ശേഷം ഭക്ഷണം കഴിച്ചിട്ടില്ലെന്നും ഈ ദിവസത്തിനിടയിൽ ശരീരഭാരം ഗണ്യമായി കുറഞ്ഞതായും പ്രതി വ്യക്തമാക്കി. പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പ്രശാന്ത് ശർമയ്ക്ക് മുമ്പാകെയാണ് മാത്യു ഹർജി സമർപ്പിച്ചത്. ജയിലിലെ ഭക്ഷണം ക്രമം ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാചക ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കാൻ വാൻഡൈക്ക് അനുമതി തേടിയത്.
മാനുഷിക പരിഗണനകൾ മുൻനിർത്തി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കാലയളവിൽ പയർ, ചുവന്ന മാംസം, ചിക്കൻ, ചെമ്മീൻ, പാസ്ത, നൂഡിൽസ്, അരി, ഉരുളക്കിഴങ്ങ്, ഉള്ളി, ബീൻസ്, സുഗന്ധവ്യഞ്ജനങ്ങൾ, ബ്രെഡ്, വെണ്ണ, ഒലിവ് ഓയിൽ, ടോൺഡ് മിൽക്ക്, സോയ പാൽ, കുപ്പിവെള്ളം എന്നിവ സൂക്ഷിക്കാൻ അനുമതി നൽകണമെന്നാണ് മാത്യു ആരോൺ വാൻഡേക്ക് തന്റെ ഹർജിയിൽ ആവശ്യപ്പെടുന്നത്. സ്വന്തമായി ഭക്ഷണം ഉണ്ടാക്കാൻ ഇൻഡക്ഷൻ കുക്കറും പാത്രങ്ങളും ചോപ്പറും കൂടി അനുവദിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ ജയിലുകളിലെ ഭക്ഷണക്രമത്തിൽ പ്രതിക്ക് പരിചിതമല്ലെന്നും ഇത് കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും അഭിഭാഷകനും കോടതിയെ അറിയിച്ചു. ഏകദേശം 14 കിലോഗ്രാം ഭാരം കുറഞ്ഞു. പോഷകാഹാരക്കുറവ് മൂലം കാഴ്ച പ്രശ്നങ്ങൾ ഉണ്ടായി പ്രതിരോധശേഷി കുറഞ്ഞെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
ഭക്ഷണം, പാചകം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ വഹിക്കാൻ പ്രതിയുടെ കുടുംബം തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഹരജിയിൽ വാദം കേട്ട കോടതി തിഹാര്‍ ജയിൽ അധികൃതരിൽ നിന്ന് മറുപടി തേടുകയും കേസ് ജൂലൈ 21ലേക്ക് വാദം കേൾക്കാൻ മാറ്റുകയും ചെയ്തു. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വിമത ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനം നൽകുകയും കൂലിപ്പടയാളിയായി പ്രവർത്തിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് എൻഐഎ മാത്യു ആരോൺ വാൻഡേക്കിനെ അറസ്റ്റ് ചെയ്തത്.