ധരാലിയിലെ മിന്നൽ പ്രളയം Source: x/15BN NDRF GADARPUR , U.S NAGAR (UTTARAKHAND)
NATIONAL

ഉത്തരകാശിയിൽ രക്ഷാപ്രവർത്തനം തുടരുന്നു; 274 പേരെ കൂടി പുറത്തെത്തിച്ചു

പ്രദേശത്ത് ഇനിയും 60 ഓളം പേർ കുടുങ്ങി കിടങ്ങുന്നതായാണ് സൂചന.

Author : ന്യൂസ് ഡെസ്ക്

ഡെറാഡൂൺ: ധരാലിയിലെ മിന്നൽ പ്രളയത്തെ തുടർന്ന് ഉത്തരകാശിയിലെ രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്തമുഖത്തുനിന്ന് 274 പേരെ കൂടി പുറത്തെത്തിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. പ്രദേശത്ത് ഇനിയും 60 ഓളം പേർ കുടുങ്ങി കിടങ്ങുന്നതായാണ് സൂചന.

അതേസമയം, കരമാർഗമുള്ള രക്ഷാപ്രവർത്തനം ഇന്ന് ആരംഭിക്കും. ഭട്‌വാരിയിൽ തകർന്ന റോഡ് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ഒലിച്ചുപോയ ഗംഗ്‍വാനി പാലത്തിന് പകരം താൽകാലിക പാലത്തിൻ്റെ നിർമാണം സൈന്യം ഇന്ന് പൂർത്തിയാക്കും. പ്രദേശത്ത് തുടരുന്ന മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

ദുരന്തത്തിൽ രണ്ട് സൈനിക ക്യാമ്പുകൾ പൂർണ്ണമായും തകർന്നിരുന്നു. കാണാതായ ഏഴ് സൈനികർക്കായുള്ള തെരച്ചിലും തുടരുകയാണ്. ഇന്നലെ 74 ഓളം പേരെ ദുരന്തബാധിത പ്രദേശത്ത് നിന്നും എയർലിഫ്റ്റ് ചെയ്തിരുന്നു. ഗ്രാമങ്ങൾ എല്ലാം ഒറ്റപ്പെട്ട് നിൽക്കുന്ന സ്ഥിതിയാണ് ഉള്ളത്. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ദുരന്തബാധിതർക്ക് റേഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗതാഗത സൗകര്യമില്ലാത്തതിനാൽ അവയൊന്നും വേണ്ടപ്പെട്ടവർക്ക് എത്തിച്ച് നൽകാൻ സാധിച്ചിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

മേഘവിസ്ഫോടനം ആണ് പ്രളയത്തിന് കാരണം എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഗംഗോത്രി ഗ്ലേസിയറിലെ മൂന്നാം നമ്പർ മഞ്ഞുമല ഇടിഞ്ഞു താഴെക്ക് പതിച്ചതാണ് കാരണം വിദഗ്ധർ അഭിപ്രായപ്പെട്ടു. വടക്കൻ ധരാലിക്ക് മുകളിലുള്ള രണ്ട് മഞ്ഞ് തടാകങ്ങളും താഴെക്ക് കുത്തി ഒലിച്ചതോടെ 10 ലക്ഷം ടിഎംസി വെള്ളമാണ് ഒലിച്ചെത്തിയതെന്നും വിദഗ്ധസംഘത്തിന്റെ വിലയിരുത്തൽ.

SCROLL FOR NEXT