ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ 30കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ രവീന്ദ്ര അഹിര്‍വാര്‍ ആണ് മരിച്ചത്. ബൗളിങ്ങിനിടെ ബുദ്ധിമുട്ട് തോന്നിയ യുവാവ് ഛര്‍ദിക്കുകയും തുടര്‍ന്ന് വെള്ളം കുടിച്ചതോടെ ബോധംകെട്ട് വീഴുകയുമായിരുന്നു.
ഝാന്‍സിയിലെ ഇന്റര്‍ കോളേജ് ഗ്രൗണ്ടിലാണ് സംഭവം. കുറച്ച് കാലത്തിന് ശേഷമാണ് യുവാവ് കളിക്കാനെത്തിയത്. ബോധരഹിതനായ ഉടനെ തന്നെ അടുത്തുള്ള മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും എത്തുമ്പോള്‍ തന്നെ യുവാവ് മരിച്ചെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു.
'അവന്‍ സന്തോഷവാനും നല്ല ആരോഗ്യവാനുമായിരുന്നു. കുറേ കാലത്തിന് ശേഷം ഇന്ന് രാവിലെ അവന്‍ നേരത്തെ എഴുന്നേല്‍ക്കുകയും പിതാവിനൊപ്പം ചായ കുടിക്കുകയും ചെയ്തു. പിതാവിനോട് യാത്ര പറഞ്ഞ ശേഷമാണ് ഗ്രൗണ്ടിലേക്ക് കളിക്കാനായി പോയത്,' സഹോദരന്‍ അരവിന്ദ് അഹിര്‍വാര്‍ പറഞ്ഞു.
ഗ്രൗണ്ടിലെത്തി ഒരു മണിക്കൂറിനകം തന്നെ അവന് എന്തോ പ്രശ്‌നം സംഭവിച്ചിട്ടുണ്ടെന്ന് കൂട്ടുകാര്‍ക്ക് മനസിലായെന്നും അങ്ങനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുകയായിരുന്നുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷം മുമ്പാണ് രവീന്ദ്ര എല്‍ഐസിയില്‍ ഡെവലപ്‌മെന്റ് ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്നത്. രവീന്ദ്ര തന്റെ ജോലിയിലും പാഷനായി ക്രിക്കറ്റ് മുന്നോട്ട് കൊണ്ടു പോകുന്നതിലും ഏറെ സന്തുഷ്ടനായിരുന്നുവെന്നും കുടുംബം പറഞ്ഞു.
കുറച്ചു ഓവറുകള്‍ എറിഞ്ഞതിന് ശേഷം വെള്ളം കുടിക്കാനായി നിന്നതാണ്. പിന്നാലെ ഛര്‍ദിക്കാന്‍ തുടങ്ങുകയും കുഴഞ്ഞു വീഴുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ആള്‍ പറഞ്ഞു. ആദ്യം കൂടെയുണ്ടായിരുന്നവര്‍ കരുതിയത് നിര്‍ജലീകരണം സംഭവിക്കുന്നതാണെന്നും എന്നാല്‍ പ്രശ്‌നം ഗുരുതരമാണെന്ന് മനസിലായതോടെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.