ചെന്നൈ: തമിഴ്തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ദേശീയ പതാക ഉയർത്തിയ ചടങ്ങിൽ ദേശീയഗാനം മാത്രം ബാൻഡ് വാദ്യത്തിൽ വായിച്ചു. നടി തൃഷ, വിജയ് യുടെ മാതാപിതാക്കൾ എന്നിവർ മുഖ്യാഥിതികളായിരുന്നു. സർക്കാരിൻ്റെ മുൻഗണനകളും നിലപാടുകളും വ്യക്തമാക്കി നടത്തിയ സ്വാതന്ത്ര്യദിന സന്ദേശത്തിൽ, അഴിമതിക്കെതിരെ പോരാടാൻ ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വിജയ് ആഹ്വാനം ചെയ്തു.
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഗാനമായ തമിഴ് തായ് വാഴ്ത്തും ദേശീയ ഗീതമായ വന്ദേ മാതരവും ഒഴിവാക്കി, ദേശീയ ഗാനം മാത്രം ബാൻഡ് മേളത്തിൽ വായിച്ചാണ് തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ആരംഭിച്ചത്. ചെന്നൈ സെൻ്റ് ജോർജ് ഫോർട്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് ദേശീയ പതാക ഉയർത്തി. ചടങ്ങിൽ വിജയുടെ കുടുംബത്തോടൊപ്പം നടി തൃഷയും മുഖ്യാതിഥിയായി പങ്കെടുത്തത് ശ്രദ്ധേയമായി.
മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി നടന്ന സ്വതന്ത്ര്യദിനാഘോഷത്തിൽ സർക്കാരിൻ്റെ പൊതുജന ക്ഷേമ പദ്ധതികളടക്കം ഊന്നിപറഞ്ഞുകൊണ്ടായിരുന്നു വിജയ്‌യുടെ സ്വാതന്ത്ര്യദിന സന്ദേശം. തമിഴ്‌നാടിനെ കൈക്കൂലിയിൽ നിന്നും അഴിമതിയിൽ നിന്നും സംരക്ഷിക്കണമെന്നും സത്യസന്ധവും സുതാര്യവുമായ ഒരു ഭരണം കെട്ടിപ്പെടുക്കുമെന്നും വിജയ് പറഞ്ഞു. ജാതി-മത വ്യത്യാസങ്ങൾ അപ്രത്യക്ഷമാവുകയും ജനങ്ങൾ ഒത്തുചേരുകയും ചെയ്യുമ്പോൾ യഥാർത്ഥ സ്വാതന്ത്ര്യം കൈവരിക്കാനാകും. ഭരണപരമായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി സഹകരിക്കുന്നുണ്ടെങ്കിലും പ്രത്യയശാസ്ത്രപരമായി, അവരുടെ നയങ്ങളെ എതിർക്കുന്നത് തുടരുമെന്നും വിജയ് പറഞ്ഞു
സർക്കാർ നൽകുന്ന വിവിധ ധനസഹായങ്ങളിൽ വർധനയും മുൻ സർക്കാരുകൾ ആരംഭിച്ച വിവിധ പദ്ധതികളുടെ തുടർച്ചയും വിജയ് പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാരായ വിമുക്തഭടൻമാരുടെ കുടുംബങ്ങൾക്കുള്ള പ്രതിമാസ ധനസഹായം 5000 രൂപയിൽ നിന്ന് 7000 രൂപയായി വർധിപ്പിക്കും. മുൻ മുഖ്യമന്ത്രി ജയലളിത അവതരിപ്പിച്ച അമ്മ കാന്റീനും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവതരിപ്പിച്ച പ്രഭാതഭക്ഷണ പദ്ധതിയും തുടർന്നും നടപ്പാക്കുമെന്നും വിജയ് ഉറപ്പ് നൽകി. തമിഴ്നാടിനെ മാതൃകാ സംസ്ഥാനമായി മാറ്റുമെന്ന് പറഞ്ഞായിരുന്നു സ്വതന്ത്യദിന സന്ദേശം മുഖ്യമന്ത്രി വിജയ് അവസാനിപ്പിച്ചത്.