ന്യൂഡല്‍ഹി: ജയിലില്‍ കഴിയവേ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ വി.ഡി. സവര്‍ക്കര്‍ അഞ്ച് തവണ മാപ്പെഴുതി നല്‍കിയെന്ന് കോടതിയില്‍ കൊച്ചുമകന്‍ സാത്യകി സവര്‍ക്കര്‍. പശുവിനെ ഉപകാരമുള്ള മൃഗമായി മാത്രമേ കണ്ടിട്ടുള്ളു, ദൈവമായി ആരാധിച്ചിട്ടില്ലെന്നും സാത്യകി കോടതിയില്‍ പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. സവര്‍ക്കറുടെ സഹോദരന്റെ മകന്റെ മകനാണ് സാത്യകി സവര്‍ക്കര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നല്‍കിയ അപകീര്‍ത്തി കേസില്‍ കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
'ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിയുമ്പോള്‍ വിഡി സവര്‍ക്കര്‍ അഞ്ച് തവണ മാപ്പ് അപേക്ഷ എഴുതി നല്‍കി എന്നത് സത്യമാണ്. എന്നാല്‍ സവര്‍ക്കര്‍ മാത്രമല്ല, അന്ന് ജയിലിലുണ്ടായിരുന്ന പല രാഷ്ട്രീയ തടവുകാരും സമാനമായ മാപ്പപേക്ഷ എഴുതി നല്‍കിയിട്ടുണ്ട്,' സാത്യകി പറഞ്ഞു.
സവര്‍ക്കര്‍ ദ്വിരാഷ്ട്ര വാദം മുന്നോട്ട് വച്ചെന്ന ചില ചരിത്രകാരന്മാരുടെ ആരോപണം ശരിയല്ല. ദ്വിരാഷ്ട്ര ആശയം സംബന്ധിച്ച് ചില പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നല്ലാതെ ആ ആശയം മുന്നോട്ട് വച്ചത് സയ്യീദ് അഹമ്മദ് ഖാന്‍ ആണ്. പശു ഒരു ഉപകാരമുള്ള മൃഗമാണ്. പക്ഷെ അതിനെ ദൈവമായി ആരാധിച്ചിട്ടില്ലെന്നും സാത്യകി പറഞ്ഞു.
മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ വെറുതെ വിട്ടയാളാണ് സവര്‍ക്കര്‍ എന്നും ബ്രിട്ടീഷ് സൈന്യത്തിലേക്കെടുക്കണമെന്ന് അപേക്ഷിച്ചിരുന്നുവെന്നും സാത്യകി തന്നെ സമ്മതിച്ചുവെന്നും മറുവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ മിലിന്ദ് പവാര്‍ പറഞ്ഞു.
എന്നാല്‍ അന്നത്തെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നതിലൂടെ യുവാക്കള്‍ക്ക് സൈനിക പരിശീലനവും ആയുധ പരിശീലനവും നല്‍കുക എന്നതായിരുന്നു സവര്‍ക്കറുടെ ഉദ്ദേശ്യം. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ഇന്ത്യയ്ക്ക് സ്വന്തമായ സൈന്യമുണ്ടാക്കുന്നതിനും തോക്ക് പോലുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം ലഭിക്കും എന്നതിനാലുമാണ് അങ്ങനെ ഒരു കാര്യം മുന്നോട്ട് വച്ചത് എന്നുമാണ് സാത്യകിയുടെ വാദം.
2023 മാര്‍ച്ച് അഞ്ചിന് ലണ്ടണില്‍ വച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം വി.ഡി. സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു സാത്യകി കോടതിയെ സമീപിച്ചത്. ഈ കേസില്‍ വാദം നടക്കവെയാണ് സാത്യകിയുടെ തന്നെ മൊഴി ചര്‍ച്ചയാകുന്നത്.