ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ് 
NATIONAL

"സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും"; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

ദ്വയാർത്ഥ പരാമർശത്തിലാണ് ഉദയനിധിക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ വിമർശനം

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ദ്വയാർത്ഥ പരാമർശങ്ങളിൽ പ്രതിപക്ഷ നേതാവ് ഉദയനിധിക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരുമെന്നാണ് ഉദയനിധിയുടെ പേര് പറയാതെയുള്ള വിജയ്‌യുടെ ഒളിയമ്പ്.

അഴിമതി ആരോപണങ്ങളിൽ എം.കരുണാനിധി മുതൽ ഉദയനിധി വരെയുള്ള നേതാക്കളെ നിയമസഭയിൽ വിജയ് കടന്നാക്രമിച്ചു. അതേസമയം ചോദ്യങ്ങൾക്ക് മറുപടി ഉണ്ടായില്ലെന്നും വിജയ് ഉന്നയിച്ച ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്നും ഉദയനിധി തിരിച്ചടിച്ചു.

സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിൽ ആണെന്ന് ആരോപിച്ചാണ് സഭ സമ്മേളനത്തിൽ ഉടനീളം മുഖ്യപ്രതിപക്ഷമായ ഡിഎംകെ വിജയ് സർക്കാരിനെ കടന്നാക്രമിച്ചത്. പ്രതിപക്ഷ വിമർശനങ്ങൾക്ക് സഭയിൽ മറുപടി പറയവെയാണ് ഉദയനിധി തഞ്ചാവൂരിൽ നടത്തിയ ദ്വയാർത്ഥ പരാമർശത്തിന് വിജയ് പേര് പറയാതെ മറുപടി നൽകിയത്.

രാഷ്ട്രീയ സംവാദങ്ങളിൽ മാന്യത പുലർത്തണം. നയങ്ങളെയാണ് ആക്രമിക്കേണ്ടത് അല്ലാതെ സ്ത്രീകളെയല്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കണം. ചിലർ ദ്വയാർത്ഥത്തിൽ സംസാരിക്കുന്നത് ജനങ്ങൾ കാണുന്നുണ്ടെന്നും അത്തരക്കാരോട് നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നെ പറയാനുള്ളുവെന്നും വിജയ് മുന്നറിയിപ്പ് നൽകി.

അഴിമതി ആരോപണങ്ങളിൽ ഡിഎംകെക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച വിജയ് സഭയിൽ കത്തി കയറി. എവിടെയൊക്കെ അഴിമതി നടന്നിട്ടുണ്ടോ അവിടെയൊക്കെ ഡിഎംകെ ഉണ്ടാകും. മുൻ സർക്കാരിൻ്റെ കാലത്തെ മൂന്ന് കേസുകളിൽ അന്വേഷിച്ചു നടപടിയെടുക്കാനുള്ള ഡിഎംകെ നേതാക്കളുടെ വെല്ലുവിളി സഭയിൽ പരാമർശിച്ച വിജയ് കരുണാനിധിയെയും വെറുതെ വിട്ടില്ല. 1988 ലെ ഡിഎംകെ സർക്കാറിൻ്റെ കാലത്ത് മുഖ്യമന്ത്രി കരുണാനിധി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നു പറയുന്ന സർക്കാരിയാ കമ്മീഷൻ റിപ്പോർട്ട് വിജയ് സഭയിൽ വായിച്ചു.

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് എം.കെ. സ്റ്റാലിനും, സെന്തിൽ ബാലാജിയും ഉദയനിധിയും പാർട്ടി ഫണ്ടിൻ്റെ പേരുപറഞ്ഞ് പണം പിരിച്ചുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ടെന്നും വിജയ് തുറന്നടിച്ചു. വിജയ്‌യുടെ മറുപടിക്ക് പിന്നാലെ ഉദയനിധിയെ സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും മറുപടി ഉണ്ടായില്ലെന്നും കുറച്ചു കൂടി മെച്ചപ്പെട്ട മറുപടി പ്രതീക്ഷിച്ചിരുന്നതായും ഉദയനിധി സഭയ്ക്ക് പുറത്തു പ്രതികരിച്ചു.

SCROLL FOR NEXT