ടിവികെ നേതാവ് വിജയ് Source; Social Media
NATIONAL

കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ ടിവികെ ഏറ്റെടുക്കും

കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ച് തൊഴില്‍ നല്‍കാനും തീരുമാനമായി.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ ഏറ്റെടുക്കാൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ. കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ ധനസഹായം നൽകാൻ പാർട്ടി തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പാർട്ടി ഏറ്റെടുക്കും.

കുടുംബത്തിന് മെഡിക്കല്‍ ഇൻഷൂറൻസും ഏർപ്പെടുത്തും. കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ച് തൊഴില്‍ നല്‍കാനും തീരുമാനമായി.

നേരത്തെ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മുൻ ജഡ്ജി അജയ് റസ്തോഗിക്കാണ് അന്വേഷണ ചുമതലയെന്നും സുപ്രീം കോടതി അറിയിച്ചു.

കരൂരിൽ സംഘടിപ്പിച്ച ടിവികെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്മായത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെയും ബിജെപി കൗണ്‍സിലറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കരൂര്‍ ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബങ്ങളുമായി വിജയ് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ദുരന്തം സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായെന്നും വിജയ് പറഞ്ഞതായി ഒരു കുടുംബം വ്യക്തമാക്കി. വീഡിയോ കോളില്‍ സംസാരിക്കുന്നതിൻ്റെ വീഡിയോയോ ഫോട്ടോയോ ഒന്നും എടുക്കരുതെന്ന് സന്ദര്‍ശിച്ച സംഘങ്ങള്‍ അറിയിച്ചെന്നും കുടുംബങ്ങൾ അറിയിച്ചു.

SCROLL FOR NEXT