ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന സ്വകാര്യ അത്താഴവിരുന്ന്, 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി എന്നിവ ഉൾപ്പെടുന്ന രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ഇന്ന് തുടക്കം കുറിക്കുന്നത്. പുടിൻ്റെ ഇന്ത്യാ സന്ദർശനം സംബന്ധിച്ച 10 പ്രധാന പോയിൻ്റുകൾ ഇതാ...
1. പ്രസിഡൻ്റ് പുടിൻ ഇന്ന് വൈകുന്നേരം നാല് മണിക്ക് ഡൽഹിയിൽ എത്തും. അദ്ദേഹം എത്തി മണിക്കൂറുകൾക്കുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ഒരു സ്വകാര്യ അത്താഴവിരുന്ന് നൽകും. 2024 ജൂലൈയിൽ പ്രധാനമന്ത്രി മോദിയുടെ മോസ്‌കോ സന്ദർശന വേളയിൽ റഷ്യൻ നേതാവ് നടത്തിയ സമാനമായ പ്രവൃത്തിക്ക് പകരമാണിത്. അത്താഴവിരുന്ന് അനൗപചാരികം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഔപചാരിക ഉച്ചകോടിക്ക് മുമ്പായി ഇരു നേതാക്കൾക്കും കണ്ടുമുട്ടാൻ അവസരം നൽകും.
2. വെള്ളിയാഴ്ച രാവിലെ ആചാരപരമായ സ്വാഗതത്തോടെ പ്രസിഡൻ്റ് പുടിൻ ഇന്ത്യയിലെ ഔദ്യോഗിക സന്ദർശന പരിപാടികൾ ആരംഭിക്കും. തുടർന്ന് അദ്ദേഹം രാജ്ഘട്ടിലേക്ക് പോയി മഹാത്മാ ഗാന്ധിയുടെ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കും. രാഷ്ട്രത്തലവന്മാർ ഇങ്ങനെ സന്ദർശിക്കുന്നത് പതിവാണ്.
3. തുടർന്ന് ദേശീയ തലസ്ഥാനത്തെ ഹൈദരാബാദ് ഹൗസിൽ 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി നടക്കും. ഉച്ചകോടിയുടെ ഭാഗമായി റഷ്യൻ പ്രസിഡന്റിനും പ്രതിനിധി സംഘത്തിനും പ്രധാനമന്ത്രി മോദി പ്രത്യേക വർക്കിംഗ് ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
4. യുക്രെയ്നിലെ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിലുണ്ടായ ചില മേഖലകളിലെ കാലതാമസം കണക്കിലെടുത്ത്, റഷ്യ തരാനുള്ള സൈനികോപകരണങ്ങൾ വേഗത്തിൽ എത്തിക്കുന്നതിന് ഇന്ത്യ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
5. ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന വിഷയങ്ങളിൽ കൂടുതൽ എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വ്യാപാരവും ഉൾപ്പെടുന്നു. അഞ്ച് എസ് 400 യൂണിറ്റുകൾക്കായി 2018ൽ ഇന്ത്യ അഞ്ച് ബില്യൺ ഡോളറിൻ്റെ കരാറിലാണ് ഒപ്പുവച്ചത്. റഷ്യ ഇതുവരെ മൂന്ന് സ്ക്വാഡ്രണുകൾ വിതരണം ചെയ്തു. അടുത്ത വർഷം മധ്യത്തോടെ രണ്ടെണ്ണം കൂടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഈ സംവിധാനങ്ങൾ ഇന്ത്യൻ ആർമി ഫലപ്രദമായി ഉപയോഗിച്ചിരുന്നു.
6. സുഖോയ് 57 അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിലുള്ള ഇന്ത്യയുടെ താൽപ്പര്യവും ചർച്ചകളിൽ ഉൾപ്പെട്ടേക്കാമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറയുന്നു. റാഫേൽ, എഫ് 21, എഫ്/എ 18, യൂറോഫൈറ്റർ ടൈഫൂൺ തുടങ്ങിയ യുദ്ധവിമാനങ്ങളെ വെല്ലുന്ന പുതുതലമുറ ഫ്ലൈറ്റുകൾ വാങ്ങുന്നത് രാജ്യത്തിൻ്റെ പരിഗണനയിലുണ്ട്.
7. ഊർജ്ജ സുരക്ഷ പ്രധാന വിഷയമായി അവതരിപ്പിക്കപ്പെടും. റഷ്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ യുഎസ് ഉപരോധം ചെലുത്തുന്ന സ്വാധീനം പ്രധാന ചർച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യ വിതരണം നിലനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ റഷ്യൻ ഓയിൽ ഇറക്കുമതി കുറച്ചുകാലത്തേക്ക് കുറഞ്ഞേക്കാമെന്ന് പെസ്കോവ് പറയുന്നു.
8. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡൻ്റ് പുടിൻ്റെയും കൂടിക്കാഴ്ചയ്ക്ക് പുറമെ, ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരായ രാജ്‌നാഥ് സിങ്ങും ആൻഡ്രി ബെലോസോവും നിർണായക സൈനിക ആയുധ കൈമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
9. ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ ചില തിരിച്ചടികൾ നേരിട്ട സമയത്താണ് റഷ്യൻ പ്രസിഡൻ്റ് പുടിൻ്റെ ഈ സന്ദർശനം. റഷ്യൻ ക്രൂഡ് ഓയിലിൻ്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് അടുത്തിടെ 50 ശതമാനം തീരുവയും 25 ശതമാനം ലെവികളും ഏർപ്പെടുത്തിയിരുന്നു.
10. യുക്രെയ്നിലെ സംഘർഷവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ഏറ്റവും പുതിയ ഇടപെടലുകളെ കുറിച്ച് പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി മോദിയെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധം ഒഴിവാക്കാൻ സംഭാഷണവും നയതന്ത്രവുമാണ് മുന്നോട്ടുള്ള ഏക മാർഗമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. അതേസമയം റഷ്യൻ ഭരണകൂടത്തെ വിമർശിക്കുന്നത് ഒഴിവാക്കുകയും ഒരു മധ്യസ്ഥനായി സ്വയം നിലകൊള്ളുകയുമാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്.