വോട്ട് ചോരി ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ നീക്കവുമായി ഇൻഡ്യാ മുന്നണി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഇൻഡ്യാ സഖ്യത്തിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിഷ്പക്ഷമായല്ല പ്രവർത്തിക്കുന്നത് എന്ന ആരോപണമാണ് പ്രധാനമായും പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെതിരെ ഉന്നയിക്കുന്നത്.
ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് സമർപ്പിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങൾ ഉടൻ തയ്യാറാക്കുമെന്നും പ്രതിപക്ഷത്തെ ഒരു മുതിർന്ന നേതാവ് അറിയിച്ചതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് കഴിഞ്ഞ ദിവസം വിശദീകരണം എന്ന നിലയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാൻ തയ്യാറാകാതെ പ്രതിപക്ഷത്തിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കുകയാണ് ഗ്യാനേഷ് കുമാർ ചെയ്തത്.