NATIONAL

"ഇരുപത് വര്‍ഷമായി കാത്തിരിക്കുകയായിരുന്നു"; ഫാറൂഖ് അബ്ദുള്ളയെ ആക്രമിച്ച പ്രതി

63 കാരനായ കമല്‍ സിങ് ജാംവാല്‍ എന്നയാളാണ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്കു നേരെ വധശ്രമം. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വിവാഹ ചടങ്ങില്‍ എത്തിയ ഫാറൂഖ് അബ്ദുള്ളയെ പിന്നില്‍ നിന്ന് അക്രമി വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.

പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ ഇസെഡ് പ്ലസ് സുരക്ഷയുള്ള മുന്‍ മുഖ്യമന്ത്രിക്കു നേരെ നടന്ന അക്രമം വന്‍ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാണ് വധശ്രമത്തിന് പിന്നിലെന്ന് അക്രമി പൊലീസിനോട് പറഞ്ഞതായാണ് സൂചന. ഇരുപത് വര്‍ഷമായി ഈ ഒരു നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നുവെന്നും അക്രമി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

63 കാരനായ കമല്‍ സിങ് ജാംവാല്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്നത് ലൈസന്‍സുള്ള തോക്കാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവഹാനിയുണ്ടാകാതിരുന്നതെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും ഫാറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. ലോഡ് ചെയ്ത തോക്കുമായി ഒരാള്‍ക്ക് എങ്ങനെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് തന്റെ പിതാവിന്റെ അടുത്തെത്താന്‍ കഴിഞ്ഞതെന്നും ഒമര്‍ അബ്ദുള്ള ചോദിച്ചു.

പ്രതി മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ പക്കലുണ്ടായിരുന്ന തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് ബി.എസ് ചൗഹാന്റെ മകളുടെ വിവാഹ ചടങ്ങുകള്‍ക്കിടെയായിരുന്നു സംഭവം.

SCROLL FOR NEXT