ജോലി സമ്മര്‍ദം മൂലം യുപിയില്‍ ജീവനൊടുക്കിയ ബിഎല്‍ഒയുടെ വീഡിയോ പുറത്ത്. അമിത ജോലി ഭാരമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ സര്‍വേഷ് കുമാര്‍ (46) നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എസ്‌ഐആര്‍ പൂര്‍ത്തിയാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്നും തന്നോട് ക്ഷമിക്കണമെന്നുമാണ് വീഡിയോയില്‍ കുടുംബത്തോട് സര്‍വേഷ് പറയുന്നത്. നാല് പെണ്‍മക്കളാണ് സര്‍വേഷിനുള്ളത്. മക്കളെ നോക്കണമെന്ന് അമ്മയോടും സഹോദരിയോടും ഇദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
ഒക്ടോബര്‍ 7 നാണ് സര്‍വേഷിനെ ബിഎല്‍ഒ ആയി നിയമിക്കുന്നത്. ആദ്യമായാണ് ഇങ്ങനെയൊരു ചുമതല അദ്ദേഹത്തിന് ലഭിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് വീടിനുള്ളില്‍ സര്‍വേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയാണ് മൃതദേഹം ആദ്യം കാണുന്നത്.
മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ജോലി സമ്മര്‍ദ്ദമാണ് മരണ കാരണം എന്നാണ് കുറിപ്പില്‍ പറയുന്നത്. പുറത്തു വന്ന വീഡിയോയിലും ഇതു തന്നെയാണ് സര്‍വേഷ് പറയുന്നത്.
'അമ്മയും ചേച്ചിയും എന്നോട് ക്ഷമിക്കണം. എന്റെ കുട്ടികളെ നോക്കണം. ഇലക്ഷന്‍ ജോലിയില്‍ ഞാന്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റാര്‍ക്കും ഈ തീരുമാനത്തില്‍ പങ്കില്ല. ഇരുപത് ദിവസമായി ഉറങ്ങാന്‍ പോലുമാകുന്നില്ല. കുറച്ച് കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ ജോലി പൂര്‍ത്തിയാക്കാമായിരുന്നു. നാല് ചെറിയ കുട്ടികളാണ് ഉള്ളത്. എന്നോട് ക്ഷമിക്കണം. ഞാന്‍ നിങ്ങളുടെ ലോകത്തില്‍ നിന്ന് പോകുകയാണ്'. ജീവിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ സമ്മര്‍ദം താങ്ങാനാകുന്നില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് അദ്ദേഹം പറയുന്നുണ്ട്.
കേരളത്തിലടക്കം ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ബിഎല്‍ഒമാര്‍ ജീവനൊടുക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഉത്തര്‍പ്രദേശില്‍ നിന്നും വരുന്നത്. കടുത്ത സമ്മര്‍ദമാണ് ബിഎല്‍ഒമാര്‍ നേരിടുന്നതെന്ന് വ്യക്തമാണ്. കുറഞ്ഞ വേതനത്തിന് ദിവസം 14-15 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നതായി ബിഎല്‍ഒമാരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സമയത്തിനുള്ളില്‍ ജോലി തീര്‍ത്തില്ലെങ്കില്‍ നടപടി ഉണ്ടാകുമോ എന്ന ആശങ്കയും ബിഎല്‍ഒമാര്‍ക്കുണ്ട്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)