സൊഹ്‌റാന്‍ മംദാനി, അമീത് സതം  
NATIONAL

ഒരു 'ഖാനെ' ഇവിടെ മേയറാക്കില്ല; ന്യൂയോര്‍ക്കില്‍ സംഭവിച്ചത് മുംബൈയില്‍ അനുവദിക്കില്ല: ബിജെപി നേതാവ്

സോഷ്യല്‍മീഡിയയിലൂടെയാണ് ബിജെപി നേതാവിന്റെ പരാമര്‍ശം

Author : ന്യൂസ് ഡെസ്ക്

മുംബൈ: ന്യൂയോര്‍ക്ക് നഗരത്തിന്റെ പുതിയ മേയറായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടതിന്റെ അലയൊലികളിലാണ് ഇങ്ങ് ഇന്ത്യയിലും. മംദാനി തെരഞ്ഞെടുക്കപ്പെട്ടതിന്റെ അമര്‍ഷം പ്രകടിപ്പിക്കുകയാണ് മുംബൈയിലെ ബിജെപി നേതാവും അന്ധേരി വെസ്റ്റ് എംഎല്‍എയുമായ അമീത് സതം.

സോഷ്യല്‍മീഡിയയിലൂടെയാണ് ബിജെപി നേതാവിന്റെ പരാമര്‍ശം. 'ഒരു ഖാനേയും ഇവിടെ മേയറാകാന്‍ അനുവദിക്കില്ല' എന്നാണ് അമീത് സതം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. 'വോട്ട് ജിഹാദ്' എന്ന് വിളിച്ച സതം, ന്യൂയോര്‍ക്ക് നഗരത്തില്‍ കണ്ട അതേ തരത്തിലുള്ള രാഷ്ട്രീയം മുംബൈയിലും കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പറഞ്ഞു.

രാഷ്ട്രീയ അധികാരം നിലനിര്‍ത്താന്‍ ചിലര്‍ പ്രീണനത്തിന്റെ പാത സ്വീകരിക്കുന്നുവെന്നും മുമ്പ് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച അത്തരം ശക്തികളില്‍ നിന്ന് മുംബൈയെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നുമാണ് ബിജെപി നേതാവിന്റെ വിശദീകരണം.

മത സൗഹാര്‍ദത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ സതം 'ദേശവിരുദ്ധ' നിലപാടിലൂടെ ആരെങ്കിലും സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെ നേരിടുമെന്നും പറഞ്ഞു.

കുടിയേറ്റ വിരുദ്ധതയും വര്‍ണവെറിയും നിറഞ്ഞ വൈറ്റ് സുപ്രമസിയുടെ കാലത്താണ് മുസ്ലീം-ഹിന്ദു സ്വത്വമുള്ള ഒരു ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ ന്യൂയോര്‍ക്ക് സിറ്റി മേയറായി അധികാരത്തില്‍ ഏറുന്നത്. 'തീവ്ര കമ്യൂണിസ്റ്റ്' എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചാപ്പകുത്തലിനെ മറികടന്നാണ് ക്യാപ്പിറ്റലിസത്തിന്റെ സംഗമസ്ഥാനത്ത് സൊഹ്‌റാന്‍ വിജയിച്ചു കയറിയത്.

ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാതാവ് മീര നായരുടേയും ഉഗാണ്ടന്‍ അക്കാദമീഷ്യന്‍ മഹമൂദ് മംദാനിയുടേയും മകനാണ് സൊഹ്‌റാന്‍ മംദാനി. മേയര്‍ തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ മംദാനിക്ക് വിജയ സാധ്യത പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജനായ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ മേയര്‍ സ്ഥാനത്തേക്ക് വിജയിക്കുന്നത്. നൂറു വര്‍ഷത്തിനിടെ ന്യൂയോര്‍ക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ കൂടിയാണ് 34കാരനായ മംദാനി.

SCROLL FOR NEXT