രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ Source: Screenshot / X / Rahul Gandhi Press Meet Live
NATIONAL

"കഭി സീമ, കഭി സ്വീറ്റി, കഭി സരസ്വതി"; ഹരിയാന വോട്ടര്‍ പട്ടികയിലെ ബ്രസീലിയന്‍ മോഡല്‍

ഹരിയാനയിൽ വ്യാപകമായി 'വോട്ട് കൊള്ള' നടന്നതായാണ് തെളിവുകള്‍ സഹിതം രാഹുൽ ഗാന്ധി ആരോപിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഏവരും ആകാംക്ഷയോടെ കാത്തിരുന്ന 'എച്ച് ഫയൽസ് (ബോംബ്)' പുറത്തുവിട്ടിരിക്കുകയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായി 'വോട്ട് കൊള്ള' നടന്നതായാണ് തെളിവുകള്‍ സഹിതം രാഹുൽ ഗാന്ധി ആരോപിക്കുന്നത്.

പതിവ് പോലെ പവർപോയിന്റ് പ്രെസന്റേഷൻ വഴിയാണ് 'വോട്ട കൊള്ള'യിലെ തെളിവുകള്‍ (ഡാറ്റകൾ) രാഹുൽ ഗാന്ധി അവതരിപ്പിച്ചത്. ഹരിയാന വോട്ടർ പട്ടികയിലെ ഒരു പ്രത്യേക വോട്ടറുടെ ഫോട്ടോ കാണിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് തുടങ്ങിയത്. "ഈ സ്ത്രീ ആരാണ്? ഇവർക്ക് എത്ര പ്രായമുണ്ട്. ഏത് സംസ്ഥാനത്തിൽ ഉള്ളവരാണിവർ? എന്താണ് ഇവരുടെ പേര്?" അങ്ങനെ ചോദ്യങ്ങള്‍ ഓരോന്നായി രാഹുൽ സദസിനോട് ഉന്നയിച്ചു. പലതരം മറുപടികള്‍. ഹരിയാനയില്‍ നിന്നല്ല എന്ന് ഉറപ്പാണോ എന്ന് രാഹുല്‍ സദസിനോട് ചോദിച്ചു. ഒടുവില്‍ നേതാവ് തന്നെ കാര്യങ്ങളില്‍ വ്യക്തത വരുത്തി.

യേ കോൻ ഹേ?

ഹരിയാനയിലെ വോട്ടറാണ് ഈ സ്ത്രീ. ഇവർ റായ് അസംബ്ലി മണ്ഡലത്തിലെ 10 ബൂത്തുകളില്‍ 22 തവണ വോട്ട് രേഖപ്പെടുത്തിയതായാണ് ഡാറ്റകള്‍ പറയുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇതെല്ലാം പല പേരുകളിലാണ്. ചിലപ്പോള്‍ സീമ, ചിലപ്പോള്‍ സ്വീറ്റി, ചിലപ്പോള്‍ സരസ്വതി. ഹരിയാനയില്‍ നടന്നത് ഒരു കേന്ദ്രീകൃത ഓപ്പറേഷനാണ് എന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ സ്ത്രീയുടെ ഉദാഹരണം രാഹുല്‍ മുന്നോട്ട് വച്ചത്.

രാഹുൽ ഗാന്ധി പ്രദർശിപ്പിച്ച തെളിവ്

ഇവർ ഒരു ബ്രസീലിയൻ മോഡലാണ് എന്നാണ് രാഹുല്‍ പറയുന്നത്. ഈ സ്ത്രീയുടെ ചിത്രം പരിശോധിക്കുമ്പോഴും അതാണ് മനസിലാകുന്നത്. 'അണ്‍സ്പ്ലാഷ്' എന്ന വെബ്സൈറ്റില്‍ ലഭ്യമായ ഒരു സ്റ്റോക് ഫോട്ടോ ആണിത്. എടുത്തിരിക്കുന്നത് മാത്യൂസ് ഫെറേറോ എന്നൊരു ഫോട്ടോഗ്രാഫറും. ഇനി ഈ ഫോട്ടോഗ്രാഫറുടെ പേര് ഇന്‍സ്റ്റഗ്രാമിൽ പരിശോധിച്ചാലോ? പല സെർച്ച് റിസൽട്ടുകളുടെ കൂട്ടത്തില്‍ 'matheus Ferrero (BJP voters)' എന്നൊരു അക്കൗണ്ടും കാണാം. ഇസ്ലാം മതവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഈ പേജിലുള്ളത്. ഇതൊരു വ്യാജ അക്കൗണ്ട് ആണെന്ന് വ്യക്തം.

മാത്യൂസ് ഫെറേറോ എന്ന പേരിലുള്ള ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട്

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 ലക്ഷം വോട്ടുകള്‍ ബിജെപി മോഷ്ടിച്ചുവെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടേഴ്‌സ് ഹരിയാനയിൽ ഉണ്ടായിരുന്നു. സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിൽ കോൺഗ്രസ് നേരിയ ഭൂരിപക്ഷത്തിലാണ് തോറ്റത്. 22,779 വോട്ടുകൾക്കായിരുന്നു പരാജയമെന്നത് സംസ്ഥാനത്ത് വോട്ട് കൊള്ള നടന്നുവെന്ന് ആരോപിച്ചുകൊണ്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് എടുത്തുകാട്ടി.

SCROLL FOR NEXT