Source: News Malayalam 24x7
NATIONAL

'പാറ്റ വിപ്ലവ'ത്തിൽ അന്തംവിട്ട് ലോകം! ആരാണ് അഭിജീത്ത് ദീപ്കെ?

'മേൻ ഭീ കോക്രോച്ച്' എന്ന മുദ്രാവാക്യം രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ട്രെൻഡാക്കിയ മാറ്റിയ യുവാവ്...

Author : അഹല്യ മണി

ഒരു ഇൻസ്റ്റഗ്രാം പേജും, കോക്രോച്ച് മീമും കൊണ്ട്, ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളെ വിറപ്പിച്ച, സോഷ്യൽ മീഡിയയിൽ അഞ്ച് ദിവസം കൊണ്ട് 20 മില്യണിലധികം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ 'കോക്രോച്ച് ജനതാ പാർട്ടി' അഥവാ സിജെപിയുടെ സ്ഥാപകൻ. 'മേൻ ഭീ കോക്രോച്ച്' എന്ന മുദ്രാവാക്യം രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ട്രെൻഡാക്കി മാറ്റിയ യുവാവ്. സാമൂഹിക നീതിയെ കുറിച്ചും ദളിത് മുന്നേറ്റങ്ങളെ കുറിച്ചും എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന്, "ഞാൻ ദളിതനാണ്, അതാണ് ഉത്തര"മെന്ന് പറഞ്ഞ 30കാരൻ. ഭരണകക്ഷിയായ ബിജെപിയെപ്പോലും ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിൽ പിന്നിലാക്കിയ സിജെപിയുടെ പിന്നിൽ പ്രവർത്തിച്ച അഭിജീത്ത് ദീപ്കെ യഥാർഥത്തിൽ ആരാണ്?

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ സ്വദേശിയായ അഭിജീത്ത് ദീപ്കെ എന്ന മുപ്പതുകാരൻ. ഇയാളുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിച്ചാൽ തന്നെ മനസിലാകും ഇയാൾ ചില്ലറക്കാരനല്ലെന്ന്... പൂനെയിൽ നിന്ന് ജേണലിസം പഠിച്ച ശേഷം, അമേരിക്കയിലെ പ്രശസ്തമായ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റാണ് അഭിജീത്ത്. നിലവിൽ അമേരിക്കയിലിരുന്നാണ് അഭിജീത് ഇന്ത്യയിൽ 'പാറ്റ വിപ്ലവം' സൃഷ്ടിക്കുന്നത്.

പക്ഷേ, ഈ 'പാറ്റ പാർട്ടി' വെറുമൊരു ആക്ഷേപഹാസ്യ രാഷ്ട്രീയ പ്രസ്ഥാനമാണോ? ഇവിടെയാണ് ട്വിസ്റ്റ്! 2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ, ഡിജിറ്റൽ ക്യാംപയിൻ ടീമിൽ സജീവമായി പ്രവർത്തിച്ചയാളാണ് അഭിജീത്. ഡൽഹി തെരഞ്ഞെടുപ്പിൽ എഎപിയുടെ മീം ക്യാംപയിനുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് അഭിജീത്തിൻ്റെ ബുദ്ധിയായിരുന്നു. അതുകൊണ്ടുതന്നെ, സിജെപി എന്നത് ആം ആദ്മി പാർട്ടിക്ക് വേണ്ടി യുവാക്കളെ ആകർഷിക്കാൻ നിർമ്മിച്ച ഒരു 'രഹസ്യ രാഷ്ട്രീയ പ്രൊജക്റ്റ്' ആണെന്നും എഎപിയുടെ ബി ടീമെന്നും ബിജെപി വക്താക്കളും മുൻ സിവിൽ സർവന്റസും അടക്കം പലരും ആരോപിക്കുന്നുണ്ട്. എന്നാൽ തനിക്കിപ്പോൾ എഎപിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അഭിജീതിന്റെ വാദം.

രാജ്യത്തെ യുവാക്കൾ കാലങ്ങളായി അനുഭവിക്കുന്ന അസംതൃപ്തിയാണ് സിജെപി തരംഗമാകാൻ പ്രധാന കാരണമെന്ന് അഭിജീത്ത് പറയുന്നു. ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള ഇന്ത്യയിൽ ഭൂരിഭാഗവും തൊഴിൽരഹിതരാണ്. സിജെപി നേരത്തെ പ്ലാൻ ചെയ്തുണ്ടായതല്ല, അങ്ങനെ ആയിരുന്നെങ്കിൽ താൻ ഇന്ത്യയിൽ തന്നെ ഉണ്ടാകുമായിരുന്നുവെന്നും അഭിജീത്ത് ദീപ്കെ പറയുന്നു. സിജെപിയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നേരിടുന്ന ഭീഷണികൾക്ക് പുറമെ താൻ ദലിതനെന്ന തുറന്നുപറച്ചിലിന് പിന്നാലെ വലിയ തോതിൽ സൈബർ ആക്രമണവും വധഭീഷണിയും അടക്കം അഭിജീത്തും നേരിടുന്നുണ്ട്. സ്വയം പ്രഖ്യാപിത ജെൻ സി നേതാവ് മെറിറ്റിന് എതിരാണ് എന്ന് കുറിച്ചുകൊണ്ടാണ് എഴുത്തുകാരിയും സംവിധായികയുമായ അനുരാധ തിവാരി അഭിജീത്തിനെതിരെ അധിക്ഷേപം നടത്തിയത്. 'ആ ഗയ ഡീ കാർഡ്' അധിക്ഷേപങ്ങളും പിന്നാലെ എത്തി.

എന്നാൽ, ഈ അധിക്ഷേപങ്ങളൊന്നും അയാളെ തളർത്തുന്നില്ല, നിശബ്ദമാകാൻ ഒരുക്കമല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് അഭിജീത്ത്. യുവാക്കളെ രാഷ്ട്രീയമായി സജീവമാക്കാനും, വിവരാവകാശ നിയമം അടക്കം മാര്‍ഗങ്ങളിലൂടെ സര്‍ക്കാരുകളെ ചോദ്യം ചെയ്യാന്‍ പ്രാപ്തരാക്കാനുമുള്ള ഒരു വലിയ ഓണ്‍ലൈന്‍ പ്രസ്ഥാനമായി കോക്രോച്ച് ജനതാ പാർട്ടിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് അഭിജീത്ത് പറയുന്നു. അഭീജിത്തിനെതിരായ സൈബർ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് വലിയ ഒരു കൂട്ടം പാറ്റകളും പിന്തുണയുമായി രംഗത്തുണ്ട്.

ഓരോ തവണ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമ്പോഴും, ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുമ്പോഴും പൂർവാധികം ശക്തിയോടെ കോക്രോച്ച് തിരികെ എത്തുന്നു. അതേക്കുറിച്ച് സിജെപി പങ്കുവയ്ക്കുന്ന ഒരു പോസ്റ്റും ശ്രദ്ധ നേടുകയാണ്, പാറ്റകൾ ഏറ്റവും നന്നായി ചെയ്യുന്ന കാര്യമെന്തെന്ന് നിങ്ങൾ മറന്നു, അത് എന്തിനെയും അതിജീവിക്കലാണ്...

രാജ്യം രൂപീകൃതമായ കാലം മുതൽ വളർന്ന് വന്ന രാഷ്ട്രീയ പാർട്ടികൾക്കൊപ്പം ലോകം ഇന്ന് ഈ പാറ്റ പാർട്ടിയെ ചർച്ച ചെയ്യുമ്പോൾ യുവജനം ആഗ്രഹിക്കുന്നത് രാഷ്ട്രീയത്തിലെയും തലമുറ മാറ്റമാണോ എന്നതാണ് ഇന്ന് പ്രധാനമായും ഉയരുന്ന ചോദ്യം...

SCROLL FOR NEXT