ANI
NATIONAL

'നാല് മണി വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടിരുന്നില്ല'; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിവേദനം സ്വീകരിക്കാന്‍ കമ്മീഷനിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെ പാർലമെന്റ് അനക്സിലേക്ക് അയയ്ക്കാമെന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാത്തതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചൊവ്വാഴ്ച വൈകിട്ട് നാലു വരെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ സഖ്യമോ ഔദ്യോഗികമായി കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടിരുന്നില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പ്രതിപക്ഷ എംപിമാർ കമ്മീഷനെ നേരില്‍ക്കണ്ട് നിവേദനം നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ഡല്‍ഹി പൊലീസ് വൈകിട്ട് നാലോടെയാണ് അറിയിക്കുന്നത്. രാഷ്ട്രീയ പാർട്ടികളോ സഖ്യങ്ങളോ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തുന്നതിന്, അവരുടെ ഔദ്യോഗിക പ്രതിനിധികൾ മുഖേന മുൻകൂട്ടി സമയം തേടുകയാണ് നടപടിക്രമം. ഇത്തരത്തിലുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് അനുയോജ്യമായ സമയവും തീയതിയും നിശ്ചയിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.

ഏകദേശം 240 എംപിമാർ പങ്കെടുക്കുന്ന കൂടിക്കാഴ്ച പാർലമെന്റ് ഹൗസ് അനക്സിൽ നടത്തണമെന്നായിരുന്നു ആവശ്യമെന്ന് ഡൽഹി പൊലീസ് ഡപ്യൂട്ടി കമ്മീഷണർ പിന്നീട് അറിയിച്ചു. എന്നാൽ സാധാരണയായി ഇത്തരം കൂടിക്കാഴ്ചകൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാനത്താണ് നടക്കുന്നത്. അതിനാൽ പാർലമെന്റ് അനക്സിൽ യോഗം ചേരണമെന്ന ആവശ്യം അംഗീകരിച്ചില്ല. എന്നാല്‍, എംപിമാരിൽ നിന്ന് നിവേദനം നേരിട്ട് സ്വീകരിക്കുന്നതിനായി കമ്മീഷനിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെ പാർലമെന്റ് അനക്സിലേക്ക് അയയ്ക്കാമെന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു. അസാധാരണമായ നടപടിയെന്ന നിലയിലാണ് ഈ നിർദേശം നൽകിയതെന്നും എന്നാൽ പ്രതിപക്ഷ എംപിമാർ ഇത് അംഗീകരിച്ചില്ലെന്നും കമ്മീഷൻ അറിയിച്ചു.

പാർലമെന്ററി, ജനാധിപത്യ സംവിധാനങ്ങളോടൊപ്പം തങ്ങളുടെ നടപടിക്രമങ്ങളും ചട്ടങ്ങളും പാരമ്പര്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ ബഹുമാനിക്കുന്നുണ്ട്. ഏത് രാഷ്ട്രീയ പാർട്ടിക്കും കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗികമായി സമയം തേടാം. ലഭ്യമായ സമയക്രമം അനുസരിച്ച് തീയതിയും സമയവും അനുവദിക്കുമെന്നും കമ്മീഷന്‍ കുട്ടിച്ചേര്‍ത്തു.

SCROLL FOR NEXT