ഹർദോ: ഏഴ് വർഷം മുമ്പ് കാണാതായ ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പമുള്ള ഇൻസ്റ്റഗ്രാം റീലിൽ കണ്ടെത്തി ഭാര്യ. ഉത്തർപ്രദേശിലെ ഹർദോയിൽനിന്ന് കാണാതായ 32 കാരനായ ജിതേന്ദ്രകുമാറിനെയാണ് ഇൻസ്റ്റഗ്രാം റീലിൽ കണ്ടെത്തിയത്. 2018 മുതൽ ബബ്ലു എന്ന ജിതേന്ദ്ര കുമാറിനെ കാണാനില്ലായിരുന്നു. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ലുധിയാനയിൽ കഴിഞ്ഞിരുന്ന ജിതേന്ദ്രകുമാറിനെ ആദ്യ ഭാര്യയുടെ പരാതിയിൽ ഹർദോയ് പൊലീസ് കസ്റ്റഡയിൽ എടുത്തു.
2017-ലാണ് ജിതേന്ദ്ര കുമാറും ഷീലുവെന്ന യുവതിയും വിവാഹിതരായത്. സ്ത്രീധനത്തിൻ്റെ പേരിൽ ജിതേന്ദ്ര കുമാർ ഷീലുവിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. പിന്നാലെ സ്ത്രീധനക്കേസിൽ കുടുംബം പൊലീസിൽ പരാതി നൽകി. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ജിതേന്ദ്രയെ കാണാതായി. 2018 ഏപ്രിൽ 20-ന് ഇയാളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. ഷീലുവിന്റെ കുടുംബം ജിതേന്ദ്രയെ കൊലപ്പെടുത്തിയെന്നായിരുന്നു പിതാവും ബന്ധുക്കളും ആരോപിച്ചത്.
ഏഴ് വർഷത്തോളം പൊലീസ് ഇയാൾക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അപ്രതീക്ഷിതമായാണ് ഭാര്യ ഇൻസ്റ്റഗ്രാം റീൽസിൽ ഇയാളെ കാണുന്നത്. ഇത് ഭർത്താവാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ഇവർ കോട്വാലി സാൻഡില പൊലീസിൽ വിവരമറിയിച്ചു.
നാട് വിട്ടശേഷം ലുധിയാനയിലേക്ക് താമസം മാറിയ ജിതേന്ദ്ര, അവിടെ വെച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് പുതിയൊരു ജീവിതം ആരംഭിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജിതേന്ദ്രയെ കസ്റ്റഡിയിലെടുത്തതായി സാൻഡില സർക്കിൾ ഓഫീസർ സന്തോഷ് സിംഗ് അറിയിച്ചു.