NATIONAL

'കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ ഞാന്‍ നോക്കിക്കോളാം'; ആര്‍ജെഡി നേതാക്കളോട് ലാലു പ്രസാദ് യാദവ്

വീട്ടിലെ പ്രശ്‌നങ്ങള്‍ താന്‍ പരിഹരിച്ചോളാമെന്ന് ലാലു നേതാക്കളെ അറിയിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

പട്‌ന: രാഷ്ട്രീയ തിരിച്ചടിക്കൊപ്പം കുടുംബ പ്രശ്‌നങ്ങളും വിടാതെ പിന്തുടരുകയാണ് ലാലു പ്രസാദ് യാദവിനേയും കുടുംബത്തേയും. മകന്‍ തേജസ്വി യാദവും മകള്‍ രോഹിണി ആചാര്യയും തമ്മിലുള്ള പ്രശ്‌നമാണ് ലാലു പ്രസാദ് യാദവിന് തലവേദനയാകുന്നത്. കുടുംബത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കം താന്‍ തന്നെ പരിഹരിക്കുമെന്ന് ആര്‍ജെഡി നേതാക്കളെ അറിയിച്ചിരിക്കുകയാണ് ലാലു പ്രസാദ് യാദവ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ജെഡി എംഎല്‍എമാര്‍ക്കൊപ്പമുള്ള യോഗത്തിലാണ് കുടുംബ പ്രശ്‌നങ്ങളും വിഷയമായത്. ഇതോടെ വീട്ടിലെ പ്രശ്‌നങ്ങള്‍ താന്‍ പരിഹരിച്ചോളാമെന്ന് ലാലു നേതാക്കളെ അറിയിക്കുകയായിരുന്നു.

മകനും മകളും തമ്മിലുള്ളത് കുടുംബത്തിനകത്തെ പ്രശ്‌നമാണെന്നും അത് കുടുംബത്തിനുള്ളില്‍ തന്നെ തീര്‍ക്കുമെന്നുമാണ് ലാലു പ്രസാദ് യോഗത്തില്‍ പറഞ്ഞത്. ലാലുവിന്റെ ഭാര്യയും മുതിര്‍ന്ന ആര്‍ജെഡി നേതാവുമായ റാബ്രി ദേവി, മൂത്ത മകള്‍ മിസ ഭാരതി, മുതിര്‍ന്ന നേതാവ് ജഗദാനന്ദ് സിങ്, എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ തേജസ്വിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവിന്റെ പ്രവര്‍ത്തനങ്ങളെ യോഗത്തില്‍ ലാലു പ്രസാദ് അഭിനന്ദിച്ചു.

തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ മോശം പ്രകടനത്തിനു പിന്നാലെയാണ് തേജസ്വി യാദവും രോഹിണി ആചാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഫലം പുറത്തു വന്നപ്പോള്‍ വെറും 25 സീറ്റുകള്‍ മാത്രമാണ് ആര്‍ജെഡിക്ക് നേടാനായത്. 2010 നു ശേഷമുള്ള പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്.

ആര്‍ജെഡിയുടെ തോല്‍വിക്കു കാരണം സഹോദരിയാണെന്ന് തേജസ്വി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി തോല്‍ക്കാന്‍ കാരണം രോഹിണിയാണെന്ന് തേജസ്വി പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. രോഹിണിയെ തേജസ്വി ചെരുപ്പെടുത്ത് എറിഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു.

ഇതിനു പിന്നാലെ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുകയാണെന്നും കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നും രോഹിണി പരസ്യമായി പ്രഖ്യാപിച്ചു. മുതിര്‍ന്ന ആര്‍ജെഡി നേതാക്കളായ സഞ്ജയ് യാദവ്, റമീസ് നെമത് ഖാന്‍ എന്നിവര്‍ക്കെതിരേയും രോഹണിയുടെ എക്‌സ് പോസ്റ്റില്‍ പരാമര്‍ശമുണ്ടായിരുന്നു. സഞ്ജയ് യാദവും റമീസ് ഖാനും ആവശ്യപ്പെട്ടതു പ്രകാരമാണ് തന്റെ തീരുമാനമെന്നായിരുന്നു രോഹണി പറഞ്ഞത്. തേജസ്വിയുടെ അടുത്ത ആളുകളാണ് ഇരുവരും.

SCROLL FOR NEXT