സോനം വാങ്ചുക്ക് ANI
NATIONAL

വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര, ശിക്ഷാ നടപടികള്‍ പാടില്ല; ഉറപ്പു നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാം: വാങ്ചുക്ക്

"ന്യായവും ഉത്തരവാദിത്തപൂര്‍ണവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനായി ശബ്ദമുയർത്തുക എന്നതു മാത്രമാണ് അവര്‍ ചെയ്ത കുറ്റം"

Author : ന്യൂസ് ഡെസ്ക്

നിരാഹാരം സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ നിബന്ധനകള്‍വച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. കേന്ദ്ര മന്ത്രിമാര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ നല്‍കിയ രണ്ട് ഉറപ്പുകള്‍ക്കൊപ്പം, പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര, ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കണം എന്നുമാണ് വാങ്ചുക്ക് അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഈ ഉറപ്പുകള്‍ പാലിക്കാത്തപക്ഷം, നിരാഹാരം തുടരുമെന്നും കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെ.പി. നഡ്ഡ എന്നിവര്‍ക്ക് അയച്ച കത്തില്‍ വാങ്ചുക്ക് വ്യക്തമാക്കി.

വാങ്ചുക്ക് കേന്ദ്രമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍നിന്ന്

ഇന്നലെ രാത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ച നിങ്ങളുടെ നിരാഹാരം അവസാനിപ്പിക്കണമെന്ന ആത്മാര്‍ഥമായ അഭ്യര്‍ഥനയ്ക്ക് നന്ദി. നമ്മുടെ ചര്‍ച്ചയ്ക്കിടെ, ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കാര്യം ഉള്‍പ്പെടെ നീറ്റ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാം എന്നിങ്ങനെ കാര്യങ്ങള്‍ ക്രിയാത്മകമായി പരിഗണിക്കാമെന്ന് നിങ്ങള്‍ ഉറപ്പുനല്‍കി.

പൊലീസ് അതിക്രമവും ബലപ്രയോഗങ്ങളും ഉണ്ടായിട്ടും ജൂലൈ 20ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ച് സമാധാനപരമായി തുടര്‍ന്നു. രാജ്യമാകെയും ലോകവും ജനാധിപത്യ പ്രതിഷേധത്തോടുള്ള അവരുടെ ക്ഷമയും പ്രതിബദ്ധതയും കണ്ടു. പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍, പീഡനം അല്ലെങ്കില്‍ പ്രതികാര നടപടി എന്നിവയിലൂടെ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള അവരുടെ വിശ്വാസത്തെ ദുര്‍ബലമാക്കില്ലെന്ന് ആത്മാര്‍ഥമായി പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ സന്ദർശനത്തിനുശേഷം, വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65ഓളം പാർലമെന്റ് അംഗങ്ങൾ എനിക്ക് കത്തെഴുതി. അവരില്‍ ചിലർ ഇതിനകം സന്ദര്‍ശിച്ചു, മറ്റുള്ളവര്‍ ഇന്ന് വൈകിട്ടോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിരാഹാരം അവസാനിപ്പിക്കാൻ അവര്‍ നിർബന്ധിച്ചു, രാഷ്ട്രസേവനത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചു. അവരോട് ഞാന്‍ യോജിക്കുന്നു. എനിക്ക് ജീവിക്കണം. എന്റെ വിദ്യാർഥികളിലേക്കും, വിദ്യാഭ്യാസത്തിലേക്കും, എന്റെ ജീവിതത്തെ നിർവചിച്ച ജോലിയിലേക്കും ഞാൻ മടങ്ങാൻ ആഗ്രഹിക്കുന്നു. എന്നാല്‍, ഈ മുന്നേറ്റത്തിന് തുടക്കമിട്ട യുവതയുടെ താല്‍പ്പര്യങ്ങളെ ബലികഴിച്ചുകൊണ്ട് എനിക്കത് ചെയ്യാനാവില്ല.

അതിനാൽ, പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ യുവാക്കളില്‍ ആരും ശിക്ഷയോ, പ്രതികാര നടപടികളോ നേരിടേണ്ടിവരില്ലെന്ന് സര്‍ക്കാര്‍ വ്യക്തമായ ഉറപ്പു നല്‍കണമെന്ന് ഞാന്‍ ബഹുമാനപൂര്‍വം അഭ്യര്‍ഥിക്കുന്നു. ന്യായവും ഉത്തരവാദിത്തപൂര്‍ണവുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനായി ശബ്ദമുയർത്തുക എന്നതു മാത്രമാണ് അവര്‍ ചെയ്ത കുറ്റം.

ഇക്കാര്യങ്ങളില്‍ ഉറപ്പു നല്‍കിയാല്‍, എന്റെ അഭ്യര്‍ഥന മാത്രമല്ല, ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കളുടെ ആഗ്രഹങ്ങളും താല്‍പ്പര്യവും സര്‍ക്കാര്‍ കേട്ടിട്ടുണ്ടെന്ന വിശ്വാസത്തോടെ ഞാന്‍ എന്റെ നിരാഹാരം അവസാനിപ്പിക്കും. മറിച്ച്, അത്തരമൊരു ഉറപ്പ് ലഭിച്ചില്ലെങ്കില്‍ നിരാഹാരം അനിശ്ചിതമായി തുടരാന്‍ ഞാന്‍ നിര്‍ബന്ധിതനാകും. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് സേനയെ അമിതമായി ഉപയോഗിക്കില്ലെന്നും പ്രതീക്ഷിക്കുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി, അതിനോട് യോജിക്കുന്നവരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ മാത്രം ആശ്രയിച്ചല്ല, പ്രതീക്ഷയോടെയും ബോധ്യത്തോടെയും സംസാരിക്കാന്‍ ധൈര്യപ്പെടുന്ന യുവ പൗരന്മാരോട് എങ്ങനെ പെരുമാറുന്നു എന്നതിനെയും കൂടി ആശ്രയിച്ചിരിക്കുന്നു.

ആശംസകളോടെ, സോനം വാങ്ചുക്ക്.

SCROLL FOR NEXT