Source: ANI
NATIONAL

"ഭീകരതയെ പിന്തുണയ്ക്കുന്നവർക്ക് സിന്ധു നദിയിലെ ജലം നൽകില്ല"; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

തെലങ്കാന ബിജെപി ഹൈദരാബാദിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഭീകരതയെ പിന്തുണയ്ക്കുന്നവർക്ക് സിന്ധു നദിയിലെ ജലം നൽകാൻ എൻഡിഎ സർക്കാർ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഭാഷ മനസിലാകാത്തവരോട് എങ്ങനെ പ്രതികരിക്കണമെന്ന് തങ്ങൾക്ക് അറിയാമെന്ന് ഓപ്പറേഷൻ സിന്ദൂരിലൂടെ സർക്കാർ ലോകത്തിന് കാണിച്ചുകൊടുത്തുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. തെലങ്കാന ബിജെപി ഹൈദരാബാദിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

"കണ്ണീർ വറ്റിപ്പോയവർ ഞങ്ങളിൽ നിന്ന് വെള്ളം പ്രതീക്ഷിക്കരുതെന്നാണ് പഹൽഗാം ഭീകരാക്രമണത്തിനുശേഷം സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് ‍ഞങ്ങൾ പറഞ്ഞത്. സിന്ധു നദിയിലെ വെള്ളം തീവ്രവാദികളെ സംരക്ഷിക്കുന്നവരിലേക്ക് എത്താൻ ഞങ്ങൾ സമ്മതിക്കില്ല, രാജ്‌നാഥ് സിങ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ "രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല" എന്ന പ്രഖ്യാപനത്തിന്റെ ആവർത്തനമായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

പരിപാടിയിൽ കഴിഞ്ഞ 12 വർഷത്തെ എൻ‌ഡി‌എ സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും പ്രതിരോധ മന്ത്രി സംസാരിച്ചു. നീതിന്യായ വ്യവസ്ഥയിലെ പരിഷ്കാരങ്ങൾ, രാജ്യമൊട്ടാകെയുള്ള വൈദ്യുതീകരണം, ജിഎസ്ടി നടപ്പിലാക്കൽ എന്നിവയ്ക്ക് പുറമേ ആർട്ടിക്കിൾ 370 റദ്ദാക്കിയതും പ്രതിരോധ മന്ത്രി ഉദ്ധരിച്ചു.

ആർട്ടിക്കിൾ 370 ആർക്കും നിർത്തലാക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ബിജെപി സർക്കാർ അത് എളുപ്പത്തിൽ നിർത്തലാക്കുന്നത് രാജ്യം കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് തീവ്രവാദവുമായി ബന്ധപ്പെട്ടിരുന്ന കശ്മീർ ഇപ്പോൾ ടൂറിസം, നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവയിൽ വളർച്ച കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT