ന്യൂഡല്‍ഹി: പുതിയ ജനറല്‍ സെക്രട്ടറിയെന്ന ചര്‍ച്ചകളിലേക്ക് കടന്ന് സിപിഐ. പാര്‍ട്ടിക്ക് പുനര്‍ജീവനം ഉണ്ടാകേണ്ട സമയമാണിതെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ പറഞ്ഞു. പ്രായപരിധിയില്‍ പുനരാലോചന ഉണ്ടാകാന്‍ സാധ്യത ഇല്ലെന്ന സൂചനയാണ് ബിനോയ് വിശ്വം നല്‍കുന്നത്. 75 വയസ് കഴിഞ്ഞ ഡി രാജക്ക് ഇനി ഒരു ഊഴം കൂടി ലഭിക്കാനുള്ള സാധ്യത ഇല്ലെന്നാണ് സൂചനകള്‍.
വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിന് സമാനമായി സമ്മേളന വേദിയില്‍ ആദ്യം ദേശീയപതാകയും പിന്നീട് പാര്‍ട്ടി പതാകയും ഉയര്‍ത്തി. ഭഗത് സിങ്ങിന്റെ അനന്തരവന്‍ ജഗ്മോഹന്‍ സിങ് ദേശീയ പതാക ഉയര്‍ത്തി. പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം ഭൂപീന്ദര്‍ സാബാര്‍ പാര്‍ട്ടി പതാകയും ഉയര്‍ത്തി.
ഉദ്ഘാടന സമ്മേളനത്തില്‍ സിപിഎമ്മില്‍നിന്ന് ജനറല്‍ സെക്രട്ടറി എം.എ.ബേബി, സിപിഐഎംഎല്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു. പ്രതിനിധി സമ്മേളനത്തില്‍ കരട് രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോര്‍ട്ടും രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും അവതരിപ്പിക്കും.
തുടര്‍ന്ന് പലസ്തീന്‍, ക്യൂബന്‍ ഐക്യദാര്‍ഢ്യവും സംഘടിപ്പിക്കും. നൂറാം വര്‍ഷത്തില്‍ എത്തിയ പാര്‍ട്ടിയെ ഇനി ആര് നയിക്കണമെന്ന ചര്‍ച്ചകളിലേക്ക് സിപിഐ കടക്കുകയാണ്. ഡി.രാജ മാറിയാല്‍ പകരം പരിഗണിക്കപ്പെടുന്നതില്‍ മുന്‍നിരയില്‍ എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗറാണ്. വനിതകള്‍ക്ക് പാര്‍ട്ടിയില്‍ പ്രോത്സാഹനം വേണമെന്നും സ്ത്രീ ആയതിനാല്‍ വിപ്ലവം നയിക്കാന്‍ കഴിയില്ലെന്ന മനോഭാവം കമ്യൂണിസ്റ്റ്കള്‍ക്ക് ഇല്ലെന്നും അമര്‍ജീത് കൗര്‍ മലയാളം ന്യൂസിനോട് പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെതിനാല്‍ ജനറല്‍ സെക്രട്ടറിയാവാന്‍ ബിനോയ് വിശ്വത്തിന് താല്‍പ്പര്യമില്ലെന്നുമാണ് വിവരം.