NATIONAL

"ബലാത്സംഗ കേസ് പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തുന്നു"; പരാതിയുമായി അതിജീവിതയുടെ പിതാവ്

സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് എന്ന് പിതാവ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത: ലോ കോളേജ് കൂട്ടബലാത്സംഗ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ ഭീഷണിപ്പെടുത്തുന്നുവെന്ന് കുടുംബം. ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതർ ഭീഷണിപ്പെടുത്തിയെന്നും, കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അതിജീവിതയുടെ പിതാവ് സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

സംഭവത്തിൽ ബരുയിപൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പിതാവ് അറിയിച്ചു. ഭീഷണി മുഴക്കിയ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും കൃത്യമായി അന്വേഷണം നടക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ജൂൺ 25നാണ് മനോജിത് മിശ്ര എന്ന പൂർവ വിദ്യാർഥിയും മറ്റു കൂട്ടു പ്രതികളായ സയ്ബ് അഹമ്മദും പ്രമിത് മുഖർജിയും ചേർന്ന് സൗത്ത് കൊൽക്കത്ത കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്തത്. സെക്യൂരിറ്റി ഗാർഡ് പിനാകി ബാനർജിയേയും കേസിൽ നാലാം പ്രതിയാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നും അക്രമത്തിനിരയായ പെൺകുട്ടിയുടെ നിരവധി ഒളിക്യാമറാ നഗ്ന ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. റൂമിൻ്റെ എക്സ്‌ഹോസ്റ്റ് ഫാനിൻ്റെ ഹോളിലൂടെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കൂടാതെ ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT