മരിച്ച കൽപ്പനയും ഭർത്താവ് മഹേഷും 
NATIONAL

സ്ത്രീധനം തിരികെ ചോദിച്ചു; മഹാരാഷ്ട്രയിൽ യുവതിയെ ഭർത്താവും സഹോദരിയും ചേർന്ന് തലക്കടിച്ചു കൊന്നു

സംഭവത്തിൽ യുവതിയുടെ ഭർത്താവ് മഹേഷ് സഹോദരി ദീപാലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിലെ പാൽഘറിൽ സ്ത്രീധനം തിരികെ ചോദിച്ചതിന് യുവതിയെ ഭർത്താവും സഹോദരിയും ചേർന്ന് തലക്കടിച്ചു കൊന്നു. 35കാരിയായ കൽപ്പന സോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മഹേഷ് സഹോദരി ദീപാലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

2015 ലാണ് മഹേഷ് സോണിയെ വിവാഹം കഴിച്ചത്. ഇതിന് ശേഷം ഇവർ വിരാറിലുള്ള മഹേഷിൻ്റെ വീട്ടിലാണ് താമസിച്ചിരുന്നത്. കൽപ്പനയെ മഹേഷും വീട്ടുകാരും ചേർന്ന് പലപ്പോഴും ശാരീരിക-മാനസിക പീഡനങ്ങൾക്കിരയാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും പ്രശ്നമുണ്ടായതിനെ തുടർന്ന് വീട്ടിൽ നിന്നിറങ്ങി പോവുകയാണെന്ന് പറഞ്ഞ കൽപ്പന തനിക്ക് ലഭിച്ച സ്ത്രീധനം തിരികെ വേണമെന്നും ആവശ്യപ്പെട്ടു. ഇതാണ് മഹേഷിനേയും സഹോദരിയേയും പ്രകോപിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

കൽപനയുടെ ആവശ്യത്തിൽ പ്രകോപിതനായ മഹേഷും സഹോദരി ദീപാലിയും ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൽപ്പനയുടെ തലക്കടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അയൽക്കാർ യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

കൽപ്പന ശുചിമുറിയിൽ വീണു മരിച്ചുവെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയതെങ്കിലും ഗുരുതരമായ മർദനമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ദമ്പതികളുടെ ഏഴ് വയസ്സുള്ള മകൾ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. മഹേഷിനും ദീപാലിക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി ജനുവരി 2 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

SCROLL FOR NEXT