NATIONAL

അസഭ്യം പറഞ്ഞു, വടികൊണ്ട് അടിച്ചു; ലൂത്ര സഹോദരന്മാരുടെ നിശാക്ലബില്‍ വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍

നടക്കുന്ന വഴിയിലുണ്ടായിരുന്ന ഒരു കസേര നീക്കി വച്ചതിനാണ് പ്രശ്‌നമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ലൂത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള നിശാ ക്ലബില്‍ വെച്ച് ദുരനുഭവം നേരിട്ടതായി മുംബൈ സ്വദേശിയായ യുവതി. ഗോവയിലെ വാഗത്തോറിലെ റോമിയോ ലെയ്ന്‍ എന്ന നിശാക്ലബില്‍ വച്ച് തനിക്കും കുടുംബാംഗങ്ങള്‍ക്കും മുമ്പ് ആക്രമണം നേരിടേണ്ടി വന്നതായാണ് വൈഭവ് ചന്ദേല്‍ എന്ന യുവതി പറഞ്ഞത്. തീപിടിച്ച സംഭവത്തിന് പിന്നാലെ ഈ നിശാക്ലബ് ഗോവ സര്‍ക്കാര്‍ അടുത്തിടെ പൊളിച്ചിരുന്നു.

നവംബര്‍ ഒന്നിനാണ് യുവതിയും കുടുംബവും ഗോവയിലെ റോമിയോ ലെയ്നിലെത്തിയത്. ഇവിടെ വച്ച് ക്ലബിലെ സ്റ്റാഫ് മോശമായി സംസാരിക്കുകയും പെരുമാറുകയും വടി ഉപയോഗിച്ച് തങ്ങളെ മര്‍ദിച്ചെന്നുമാണ് യുവതിയുടെ ആരോപണം.

നിശാക്ലബ് വളരെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നായിരുന്നുവെന്നും അകത്തേക്ക് കടക്കാനും പുറത്തേക്ക് കടക്കാനും ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും യുവതി പറഞ്ഞു.

'വാഗത്തോറിലെ റോമിയോ ലെയ്നില്‍ നവംബര്‍ ഒന്നിനാണ് എന്റെ കസിന്‍സിനൊപ്പം എത്തിയത്. ഞങ്ങള്‍ മൊത്തം 13 പേര്‍ ഉണ്ടായിരുന്നു. ക്ലബ് ഉണ്ടാക്കി വച്ചത് കണ്ടാല്‍ തന്നെ വളരെ അസ്വസ്ഥമായി തോന്നും. വളരെ ഉയരത്തിലുള്ള, അകത്ത് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും ഒരു വാതില്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അവിടേ കയറാനും പുറത്തിറങ്ങാനും ബുദ്ധിമുട്ടാണ്. അന്ന് അവിടുത്തെ സ്റ്റാഫ് വളരെ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു,' യുവതി പറഞ്ഞു.

നടക്കുന്ന വഴിയിലുണ്ടായിരുന്ന ഒരു കസേര കാലുകൊണ്ട് നീക്കി വച്ചതിനായിരുന്നു അവര്‍ പ്രശ്‌നമുണ്ടാക്കിയതെന്നും യുവതി ഓര്‍ത്തെടുത്തു.

'പുലര്‍ച്ചെ ഒരു മൂന്ന് മണിയോടെ ഞങ്ങള്‍ ക്ലബില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഞങ്ങളുടെ വഴിയില്‍ ഒരു കസേരയുണ്ടായിരുന്നു. എന്റെ കസിന്‍ ആ ചെയര്‍ കാലുകൊണ്ട് മാറ്റിവച്ചു. നിങ്ങള്‍ ഫര്‍ണിച്ചര്‍ കേടുവരുത്തുകയാണെന്ന് പറഞ്ഞ് ക്ലബിന്റെ മാനേജര്‍ അടക്കം വന്നു. നിങ്ങളെ നേരത്തെ തന്നെ ഇവിടുന്ന് പുറത്താക്കേണ്ടിയിരുന്നതാണെന്നും നിങ്ങളെ പോലുള്ളവരൊന്നും ഇവിടെ വരാന്‍ പാടില്ലെന്നും പറഞ്ഞ് മാനേജര്‍ കസിന്റെ കോളറില്‍ പിടിച്ചു. ക്ഷമ പറഞ്ഞ് അവിടെ നിന്നും പോകാന്‍ ശ്രമിച്ചപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരെയും ബൗണ്‍സര്‍മാരെയും വിളിച്ചു. അവര്‍ ഞങ്ങളെ പിന്തുടരുകയും ഞങ്ങള്‍ക്ക് നേരെ കൈ ഉയര്‍ത്തുകയും ചെയ്തു,' യുവതി പറഞ്ഞു.

അവിടെ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ തങ്ങളെ ഒരു കമ്പി കൊണ്ട് അടിച്ചു. സഹോദരിയുടെ നെഞ്ചിലാണ് അടിച്ചത്. അവളെ തള്ളിയശേഷം വീണത് കസേരകള്‍ക്കിടയിലേക്കാണെന്നും വൈഭവ് പറഞ്ഞു.

പിന്നീട് എന്‍ട്രി ഗേറ്റില്‍ ഒരു ബാരിക്കേഡ് വയ്ക്കുകയും ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. തന്റെ സഹോദരന്‍ ചെന്ന് അത് മാറ്റിയപ്പോള്‍ ഒരു ബൗണ്‍സര്‍ ഓടി വന്ന അവനെ കമ്പികൊണ്ട് അടിക്കാന്‍ തുടങ്ങിയെന്നും യുവതി ഓര്‍ത്തെടുത്തു.

സംഭവത്തില്‍ വൈഭവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എഫ്‌ഐആറില്‍ പറയുന്നത് പ്രകാരം വൈഭവിനെ സഹോദരന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും ഈ സമയം സ്റ്റാഫ് അവരുടെ മുഖത്ത് അടിക്കുകയും ടീ ഷര്‍ട്ട് വലിക്കുകയും ചെയ്തു.

അവര്‍ക്കെതിരെ വളരെ മോശം വാക്കുകളാണ് റോമിയോ ലേനിലെ സ്റ്റാഫ് ഉപയോഗിച്ചത്. ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും മാരകമായി മര്‍ദനമേറ്റു. ഇതേ തുടര്‍ന്ന് നേരെ പൊലീസില്‍ പോയി പരാതി നല്‍കുകയായിരുന്നുവെന്നും ഏറെ ശ്രമത്തിന് പിന്നാലെയാണ് ക്ലബ് മാനേജര്‍ ആയ അജയ് കവിത്കര്‍, സ്റ്റാഫ് ജുനൈദ് അലി, സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത് എന്നും യുവതി പറഞ്ഞു.

SCROLL FOR NEXT