പ്രതീകാത്മക ചിത്രം Source: Screengrab
NATIONAL

കർണാടകയിൽ റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

ഒരു സംഘം ആളുകൾ ഓട്ടോറിക്ഷയിലെത്തി റോട്ട്‌വീലർ നായ്ക്കളെ അവിടെ വിടുന്നതിൻ്റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞു

Author : ന്യൂസ് ഡെസ്ക്

കർണാടക: റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. മല്ലഷെട്ടിഹള്ളി സ്വദേശി അനിത ഹലേഷാണ് (38) മരിച്ചത്. ഹൊന്നുരു ഗൊല്ലറഹട്ടി ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രി മക്കളുമായി വഴക്കിട്ടതിന് പിന്നാലെ വീടുവിട്ട് ഇറങ്ങിയതായിരുന്നു അനിത ഹലേഷ്. മല്ലഷെട്ടിഹള്ളിയിൽ നിന്ന് ഹൊന്നൂർ ഗൊല്ലറഹട്ടി വഴി മാതാപിതാക്കളുടെ വീടായ വാടാനഹള്ളിയിലേക്ക് നടക്കുന്നതിനിടെയാണ് അനിതയെ രണ്ട് റോട്ട്‌വീലർ നായ്ക്കൾ ആക്രമിച്ചത്. തലയിലും മുഖത്തും കഴുത്തിലും കാലിലും ഉൾപ്പെടെ അനിതയുടെ 50ലേറെ ശരീരഭാഗങ്ങളിൽ നായ്ക്കൾ കടിച്ചതിൻ്റെയും ആക്രമിച്ചതിൻ്റെയും പാടുകളുണ്ട്. പ്രദേശവാസികൾ അവരെ ഉടൻ തന്നെ ദാവണഗരെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, രാത്രി പത്ത് മണിയോടെ ഒരു സംഘം ആളുകൾ ഓട്ടോറിക്ഷയിലെത്തി റോട്ട്‌വീലർ നായ്ക്കളെ ഹൊന്നുരു ഗൊല്ലറഹട്ടിയിൽ വിടുന്നതിൻ്റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞു. സംഭവത്തിൽ ദുരൂഹത ആരോപിച്ച അനിതയുടെ സഹോദരൻ കൃഷ്ണ ചന്ദ്രപ്പ ദാവണഗരെ റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ട് നായ്ക്കളെ അവിടെ ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും കേസിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT