മഹീന്ദ്ര ഥാർ റോക്സ് ഷോറൂമിന്റെ ചില്ല് തകർന്ന് താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ പ്രതികരിച്ച് കാർ ഓടിച്ച മാനി പവാര്‍. തനിക്ക് അപകടത്തിൽ മരണം സംഭവിച്ചുവെന്ന രീതിയിൽ ഉയർന്നുവരുന്ന വ്യാജവാർത്തകളോട് പ്രതികരിക്കുകയായിരുന്നു 29കാരിയായ മാനി പവാർ. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മാനി പറഞ്ഞു.
"വ്യാജ വാർത്ത ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്. ലൈക്കുകളും ഷെയറുകളും ലഭിക്കാൻ വേണ്ടിയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. അപകടത്തിൽ എൻ്റെ അസ്ഥി ഒടിഞ്ഞതായും മൂക്കിന് ഒടിവ് സംഭവിച്ചതായും അവർ പറയുന്നു. ഞാൻ മരിച്ചതായും അവർ പറയുന്നു. ഇതെല്ലാം വ്യാജ വാർത്തകൾ മാത്രമാണ്," ഗാസിയാബാദ് സ്വദേശിയായ മാനി പവാർ പറഞ്ഞു. കാർ ഉയർന്ന ആർപിഎമ്മിലായിരുന്നു, സെയിൽസ്മാൻ അത് ഞങ്ങളോട് പറഞ്ഞിരുന്നു, പെട്ടെന്ന് വേഗത കൂടുകയും മറിഞ്ഞ് വീഴുകയുമായിരുന്നുവെന്നും മാനി പറഞ്ഞു.
ഈസ്റ്റ് ഡൽഹിയിലെ നിർമ്മൻ വിഹാർ ഷോറൂമിലായിരുന്നു കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഇതിൻ്റെ വാർത്ത വലിയ തോതിൽ ചർച്ചയായിരുന്നു. വിശ്വാസപ്രകാരം നാരങ്ങ ഉടച്ച് തുടക്കം കുറിച്ചിട്ടും ഉടൻ തന്നെ അപകടത്തിൽ കലാശിച്ചതാണ് പലരും ചർച്ച ചെയ്തത്. വണ്ടി പുറത്തിറക്കുന്നതിന് മുമ്പ് പൂജ ചെയ്യാമെന്ന നിലയ്ക്കാണ് ഒരു ചെറുനാരങ്ങ എടുത്ത് മാനി ടയറിനടിയില്‍ വെച്ചത്. ചെറുനാരങ്ങ ഉടയാന്‍ പാകത്തിന് പതുക്കെ ഒന്ന് നീക്കണമെന്നേ മാനിയും ഉദ്ദേശിച്ചിരുന്നുള്ളു. പക്ഷെ അറിയാതെ ആക്‌സിലറേറ്ററില്‍ അമര്‍ത്തി ചവിട്ടുകയായിരുന്നു. ഥാറില്‍ മാനി പവാറിനെ കൂടാതെ ഷോറൂം ജീനക്കാരന്‍ വികാസും ഇരുന്നിരുന്നു. 27 ലക്ഷമാണ് മഹീന്ദ്ര ഥാർ റോക്സിൻ്റെ വില.