NATIONAL

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം; ഗ്ലോബൽ ഇൻഡക്സിൽ ഇന്ത്യയുടെ റാങ്കിങ് 157ലേക്ക് താഴ്ന്നത് ഗുരുതര പ്രശ്നമെന്ന് കോൺഗ്രസ്

മാധ്യമ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണം എന്ന് ഭരണകൂടങ്ങളെ ഓർമപ്പെടുത്താനുള്ള ദിവസമാണ് മെയ് 3.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: 2026ലെ ലോക മാധ്യമ സ്വാതന്ത്ര്യ ഇൻഡക്സിൽ ഇന്ത്യ 157ലേക്ക് താഴ്ന്നത് അതീവ ഗുരുതരമായ പ്രശ്നമാണെന്ന് കോൺഗ്രസ്. ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിലാണ് (World Press Freedom Day) കോൺഗ്രസ് കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്.

"സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിൻ്റെ ശബ്ദമാകേണ്ടവരാണ്. 2026ലെ ലോക മാധ്യമ സ്വാതന്ത്ര്യ ഇൻഡക്സിൽ ഇന്ത്യ 157ാം സ്ഥാനത്താണ്. ഇത് ഗുരുതരമായ അവസ്ഥാവിശേഷമാണ്. ഇന്ത്യയിൽ നിർഭയരായ മാധ്യമങ്ങൾ ആക്രമിക്കപ്പെടുകയാണ്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനായി പൊരുതുകയും അധികാര കേന്ദ്രങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് കോൺഗ്രസ് പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു," കോൺഗ്രസ് എക്സിൽ കുറിച്ചു.

മാധ്യമ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണം എന്ന് ഭരണകൂടങ്ങളെ ഓർമപ്പെടുത്താനുള്ള ദിവസമാണ് മെയ് 3. അതോടൊപ്പം, മാധ്യമ പ്രവർത്തനത്തിൻ്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് ജേണലിസ്റ്റുകളെ ഓർമിപ്പിക്കാനും, ലോകത്താകമാനം മാധ്യമ സ്വാതന്ത്ര്യത്തിന് എന്തു സംഭവിക്കുന്നുവെന്ന് ഓർമിപ്പിക്കാനും, തൊഴിൽ മേഖലയിലെ സ്വാതന്ത്ര്യത്തിനായി പോരാടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ദിവസമാണിത്.

ലക്ഷ്യം: പത്രസ്വാതന്ത്ര്യം സംരക്ഷിക്കുക, സത്യസന്ധമായ റിപ്പോർട്ടിംഗിനിടെ ജീവൻ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകരെ ആദരിക്കുക.

പ്രാധാന്യം: ജനാധിപത്യത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു.

വെല്ലുവിളികൾ: ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകർ നേരിടുന്ന ആക്രമണങ്ങൾ, നിയന്ത്രണങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവയ്ക്കെതിരെ ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ചരിത്രം: ആഫ്രിക്കൻ മാധ്യമ പ്രവർത്തകർ 1991ൽ പുറപ്പെടുവിച്ച വിൻഡ്‌ഹോക്ക് പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ, യുനെസ്‌കോയുടെ ശുപാർശ പ്രകാരം 1993 ഡിസംബറിലാണ് യുഎൻ ഈ ദിനം അംഗീകരിച്ചത്.

SCROLL FOR NEXT