NATIONAL

ഗാസിയാബാദിൽ രക്തം വാർന്ന് യുവാവിന് ദാരുണാന്ത്യം; സംഭവം പൊലീസുകാർ നോക്കി നിൽക്കെ

മെക്കാനിക്കായി ജോലി ചെയ്തിരുന്ന രാജ് കുമാർ എന്ന 22കാരനാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് യുവാവ് രക്തം വാർന്ന് മരിച്ചു. ദേശീയ തലസ്ഥാനത്തിന് തൊട്ടടുത്തായാണ് സംഭവം. പൊലീസുകാർ നോക്കി നിൽക്കെയാണ് ദാരുണ സംഭവം നടന്നത്.

മെക്കാനിക്കായി ജോലി ചെയ്തിരുന്ന രാജ് കുമാർ എന്ന 22കാരനാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ബാപുധാമിലെ പൊലീസ് ബൂത്തിൻ്റെ വാതിലിൽ സ്വയം കൈ കൊണ്ടിടിച്ച് പരിക്കേറ്റതിനെ തുടർന്നായിരുന്നു അന്ത്യം. ഏകദേശം 40 മിനിറ്റ് അദ്ദേഹം സഹായത്തിനായി യാചിച്ചിരുന്നുവെങ്കിലും ആരും സഹായത്തിനെത്താത്തതിനെ തുടർന്ന് മരിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പിങ്ക് ബൂത്തിലുണ്ടായിരുന്ന വനിതാ പൊലീസുകാർ ആ സമയത്ത് ഭയന്ന് അകത്തു കയറി സ്റ്റേഷൻ ലോക്ക് ചെയ്തതായി ദൃക്സാക്ഷികൾ വ്യക്തമാക്കി.

ഓട്ടോറിക്ഷാ ഡ്രൈവറുമായി യാത്രാക്കൂലി തർക്കമുണ്ടായതിനെ തുടർന്നാണ് രാജ്കുമാർ കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തിയത്. ഈ സമയത്ത് കുമാറും ഓട്ടോ ഡ്രൈവറും മദ്യപിച്ച നിലയിലായിരുന്നു. യാത്രക്കൂലി നൽകുന്നതിനെച്ചൊല്ലി അവർക്കിടയിൽ തർക്കം ഉടലെടുത്തു. തുടർന്ന് കുമാർ പിങ്ക് ബൂത്തിന്റെ ഗേറ്റിൽ ആഞ്ഞിടിക്കുകയും ഗ്ലാസ് തകർന്ന് കൈക്ക് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചതായി എസിപി ഉപാസന പാണ്ഡെ വ്യക്തമാക്കി.

എന്നാൽ, കുമാർ വനിതാ പൊലീസ് ബൂത്തിൻ്റെ വാതിലിൽ ഇടിക്കാൻ തുടങ്ങിയതോടെ ഭയന്ന വനിതാ പൊലീസുകാർ ബൂത്തിന് ഉള്ളിൽ കയറി വാതിൽ പൂട്ടിയതാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗ്ലാസ് ഡോർ തകർന്നതോടെ ഇയാളുടെ കൈയിൽ ആഴത്തിലുള്ള മുറിവുണ്ടാവുകയും രക്തസ്രാവം മൂലം കുമാർ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടനെ അടുത്തുള്ള കടയുടമ പൊലീസ് ഹെൽപ്പ് ലൈനിൽ വിളിച്ചു. തുടർന്ന് രണ്ട് ഉദ്യോഗസ്ഥർ ഒരു മോട്ടോർ സൈക്കിളിൽ എത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഒരു ഓട്ടോറിക്ഷയും നിർത്തിയില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. പിന്നീട് അരമണിക്കൂറോളം കഴിഞ്ഞ് ഒരു ആംബുലൻസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇയാൾ മരിക്കുകയായിരുന്നു.

എഫ്‌ഐആർ പ്രകാരം, ഇയാളെ ആശുപത്രിയിലെത്തിക്കാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വൈകിയതായാണ് വിവരം. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

SCROLL FOR NEXT