ഒരു സ്വപ്നതുല്യമായ വിവാഹത്തിന് ഒരുങ്ങുകയായിരുന്നു കേതൻ. മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ ഇളയ മകൻ കേതൻ അഗർവാളിൻ്റെ വിവാഹത്തിന് ബുക്ക് ചെയ്തതാവട്ടെ 17 കോടിയുടെ കൊട്ടാരം. അത്യാഡംബര പൂർവം ഒരു വിവാഹത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായപ്പോഴായിരുന്നു ആ വഴിത്തിരിവ്. പൂനെയ്ക്കടുത്തുള്ള ലോഹഗഡ് കോട്ടയിൽ ട്രക്കിങ്ങിനിടെ കൊക്കയിലേക്ക് വീണ് കേതൻ കൊല്ലപ്പെട്ടു.
പ്രതിശ്രുത വധു സിയ ഗോയലിൻ്റെ ജന്മദിനം ആഘോഷിക്കുന്നതിനായി എത്തിയപ്പോഴായിരുന്നു സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണു മരിച്ചു എന്നായിരുന്നു മൊഴി. മൂന്ന് മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് കേതൻ്റെ മൃതദേഹം കണ്ടെത്തിയത്.
എന്നാൽ പിന്നീടാണ് കഥയിൽ ട്വിസ്റ്റ് ഉണ്ടാവുന്നത്. കേതൻ്റെ കുടുംബവും സുഹൃത്തുക്കളും മരണത്തിൽ സംശയമുയർത്തി മുന്നോട്ടു വന്നു. വീണ്ടും അന്വേഷണവുമായി മുമ്പോട്ടു പോകാൻ തീരുമാനിച്ച പൊലീസ് സിയയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ മണത്തു. മൊബൈൽ ഡാറ്റ, കോൾ റെക്കോർഡുകൾ, സ്ഥലത്തുണ്ടായിരുന്ന ആളുകളുടെ മൊഴികൾ എന്നിവയെല്ലാം പരിശോധിച്ചു. തുടർന്ന് സിയയേയും കാമുകനേയും കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇരുവരും ചേർന്ന് കേതനെ തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്ന ക്രൂര കുറ്റകൃത്യം പുറത്തു വന്നത്.
കേതന്റെ പ്രതിശ്രുത വധുവായ സിയയ്ക്ക് ഊ വിവാഹത്തോട് താൽപര്യമുണ്ടായിരുന്നില്ല. കേതനെ ഒഴിവാക്കാൻ കാമുകൻ്റെ സഹായം തേടിയ സിയ കേതന്റെ ജന്മദിനത്തിൽ ട്രെക്കിങ്ങിനായി ഇയാളെ ലോഹഗഡിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിന് മുമ്പും ഇതേ സ്ഥലത്തു വച്ചു തന്നെ കൊലപാതക ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു. പിന്നീടാണ് സിയയുടെ ജന്മദിനം ഇതിനായി തെരഞ്ഞെടുത്തത്. പിന്നീട് ഇരുവരും ചേർന്ന് വിദഗ്ധമായി കൊലപാതകം നടപ്പിലാക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.