ന്യൂഡൽഹി: നോയിഡയിൽ നിർമാണത്തിനായി കുഴിച്ച വെള്ളക്കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഒരു ബിൽഡർ അറസ്റ്റിൽ. വിഷ്‌ടൗൺ പ്ലാനേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമകളിൽ ഒരാളായ അഭയ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു ഉടമയായ മനീഷ് കുമാറിനായി തെരച്ചിൽ തുടരുകയാണെന്നും നോയിഡ പൊലീസ് അറിയിച്ചു.
2021-ൽ നോയിഡയിലെ സെക്ടർ 150-ൽ ഒരു മാളിൻ്റെ ബേസ്മെൻ്റ് ഏരിയയുടെ നിർമാണത്തിനായാണ് 20 അടി ആഴമുള്ള കുഴി കുഴിച്ചത്. എന്നാൽ അതിനുശേഷം മുതൽ അതിൽ വെള്ളം നിറഞ്ഞ് കിടക്കുകയാണ്. വെള്ളക്കുഴിയിൽ വീണ മരണപ്പെട്ട യുവരാജ് മേത്തയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷ്‌ടൗൺ പ്ലാനേഴ്‌സിനും ലോട്ടസ് ഗ്രീൻസിനുമെതിരെ എഫ്ഐആർ ഫയൽ ചെയ്തത്. 2019-2020 ൽ പദ്ധതി വിഷ്‌ടൗൺ പ്ലാനേഴ്‌സിനും ഗൃഹപ്രവേഷ് ഗ്രൂപ്പിനും വിറ്റതായി ലോട്ടസ് ഗ്രീൻസ് വ്യക്തമാക്കിയിരുന്നു.
സംഭവത്തെ തുടർന്ന് നോയിഡ അതോറിറ്റി സിഇഒ ലോകേഷ് എമ്മിനെ നീക്കം ചെയ്യുകയും മരണത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
ശനിയാഴ്ച പുലർച്ചെ തൻ്റെ അപ്പാർട്ട്മെൻ്റിലേക്ക് തിരിയുന്നതിനിടെ കനത്ത മൂടൽമഞ്ഞിൽ കാഴ്ച പരിമിതി നേരിട്ടതു മൂലം യുവരാജിൻ്റെ കാർ വെള്ളക്കുഴിയിൽ പതിക്കുകയായിരുന്നു. നീന്തൽ അറിയാത്ത യുവരാജ് 90 മിനിറ്റോളം ജീവൻ നിലനിർത്താൻ ശ്രമിച്ചുവെങ്കിലും കനത്ത മൂടൽമഞ്ഞ് കാരണം രക്ഷാപ്രവർത്തകർക്ക് യുവരാജിനെ കണ്ടെത്താനാവാത്തതിനെ തുടർന്നായിരുന്നു യുവാവിൻ്റെ ദാരുണാന്ത്യം.