എക്സ് പോസ്റ്റ് Source: News Malayalam 24x7
NATIONAL

ബിഹാറും ബീഡിയും തുടങ്ങുന്നത് 'ബി'യിൽ; വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് കേരള ഘടകം

ജിഎസ്ടി പരിഷ്കരണത്തെ പരിഹസിച്ച് കോൺഗ്രസ് കേരള ഘടകം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിലായത്.

Author : ന്യൂസ് ഡെസ്ക്

ബിഹാറിൽ ബീഡി വിവാദത്തിൽ പുകഞ്ഞ് കോൺഗ്രസ്. ജിഎസ്ടി പരിഷ്കരണത്തെ പരിഹസിച്ച് കോൺഗ്രസ് കേരള ഘടകം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിലായത്. ബിഹാറും ബീഡിയും തുടങ്ങുന്നത് 'ബി'യിൽ നിന്നാണെന്നായിരുന്നു പോസ്റ്റ്. ബിഹാറിനെ അപമാനിക്കുന്ന പോസ്റ്റെന്ന വിമർശനവുമായി ബിജെപിയും ജെഡിയുവും രംഗത്തെത്തിയതോടെ പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് ക്ഷമാപണം നടത്തി.

ബീഡിയും ബിഹാറും തുടങ്ങുന്നത് ബി-യിൽ നിന്നായതിനാൽ പാപമായി കാണാനാവില്ലെന്ന പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. പുകയില ഉൽപ്പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനെ പരാമർശിച്ചായിരുന്നു കോൺഗ്രസ് കേരളയുടെ എക്സ് പോസ്റ്റ്. ബീഡിക്ക് വിലകുറച്ചതിനെ ബിഹാറുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നു.

പുറത്തുവന്നത് കോൺഗ്രസിൻ്റെ തനി സ്വഭാവമെന്നും, പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചവർ ഇപ്പോൾ ബിഹാർ ജനതയെ അപമാനിക്കുന്നുവെന്നും ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി പ്രതികരിച്ചു. ബി എന്നാൽ ബീഡി മാത്രമല്ല, ബുദ്ധി എന്നും അർഥമാക്കുന്നുണ്ട്, അത് കോൺഗ്രസിന് കുറവാണെന്ന് ജെഡിയു നേതാവ് സഞ്ജയ് കുമാർ ഝാ കുറ്റപ്പെടുത്തി. വോട്ടർ അധികാർ യാത്രയിലെ അമർഷം മറയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും, ബീഡി പരാമർശത്തിൽ ബിഹാർ ജനത മറുപടി നൽകുമെന്നും ബിജെപി നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺഗ്രസ് പരസ്യമായി മാപ്പ് പറയണമെന്നും, തേജസ്വി യാദവ് ഇതിനെതിരെ ചോദ്യമുയർത്തണമെന്നും ബിജെപി നേതാവ് സഞ്ജയ് മയൂഖ് ആവശ്യപ്പെട്ടു. ഇത്തരം താരതമ്യങ്ങൾ തെറ്റാണെന്ന് കോൺഗ്രസ് രാജ്യസഭാ എംപി സയിദ് നസീർ ഹുസൈൻ കൂടി നിലപാടെടുത്തതോടെ കോൺഗ്രസ് പ്രതിരോധത്തിലായി.

വിവാദം കനത്തതോടെ കോൺഗ്രസ് കേരള ഘടകം പോസ്റ്റ് നീക്കം ചെയ്തു. ബീഡി പോസ്റ്റിൽ ബീഹാർ ജനതയോട് മാപ്പപേക്ഷിച്ച കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഇലക്ഷൻ ഗിമ്മിക്കിനെക്കുറിച്ചുള്ള പരാമർശം വളച്ചൊടിച്ചതാണെന്നും, എക്സ് പോസ്റ്റിൽ കുറിച്ചു.

SCROLL FOR NEXT