NEWSROOM

നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണം; സര്‍ക്കാരിനോടും സിബിഐയോടും നിലപാട് തേടി ഹൈക്കോടതി

ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം

Author : ന്യൂസ് ഡെസ്ക്

എഡിഎം നവീന്‍ ബാബുവിന്റെ മരണം എന്ത് അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്ന് ഹൈക്കോടതി. എഡിഎമ്മിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം.

ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. കുടുംബത്തിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം നല്‍കി. ഡിസംബര്‍ 8 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണം.


എസ്‌ഐടി എന്നത് പേരിന് മാത്രമാണെന്നായിരുന്നു നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ പറഞ്ഞത്. ഹര്‍ജിയില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലയ്ക്കെടുക്കാന്‍ ആവില്ലെന്നും, അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സിപിഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.


സെപ്റ്റംബര്‍ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന, എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

SCROLL FOR NEXT