NEWSROOM

''കണ്ണൂരിൽ നിന്ന് സ്ഥലംമാറ്റത്തിന് ശ്രമിച്ചെങ്കിലും സ്വന്തം സര്‍വീസ് സംഘടന സഹകരിച്ചില്ല''; നവീൻ ബാബു സുഹൃത്തിനയച്ച സന്ദേശം പുറത്ത്

കണ്ണൂരിൽ തുടരാൻ താത്പര്യമില്ലെന്നും പത്തനംതിട്ട എംഡിഎമ്മുമായി സിപിഐക്കാർ തരാൻ തയാറായിരുന്നെന്നും സന്ദേശത്തിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്. കണ്ണൂരിൽ ജോലി ചെയ്യാൻ താത്പര്യമില്ലെന്നും സ്വന്തം സർവീസ് സംഘടന സ്ഥലം മാറ്റത്തിന് അനുകൂലമായി സഹകരിച്ചില്ലെന്നും വാട്സ്ആപ്പിൽ അയച്ച സന്ദേശത്തിൽ പറയുന്നു.

ALSO READ: 'നവീന്‍ ബാബു അഴിമതിക്കാരനല്ല, നല്ല ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥന്‍'; കണ്ണൂരില്‍ തുടരട്ടെയെന്ന് തീരുമാനിച്ചത് സിപിഎമ്മെന്ന് ബന്ധു

'എനിക്ക് പത്തനംതിട്ട എഡിഎം ആയി സിപിഐക്കാര്‍ തരാന്‍ റെഡിയായി. അപ്പോള്‍ എന്റെ സ്വന്തം സംഘടന ഞാന്‍ അറിയാതെ ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും റവന്യൂ മന്ത്രിയെ വിളിച്ചു പറഞ്ഞു കണ്ണൂര്‍ എഡിഎം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്, മാറ്റരുത് എന്ന്,' സന്ദേശത്തില്‍ പറയുന്നു.

ഇതറിഞ്ഞ ശേഷം കണ്ണൂരിലേക്ക് വരുന്നില്ലെന്ന് പറഞ്ഞ് മൂന്ന് മാസത്തെ ലീവ് എഴുതികൊടുത്തു. പരിഗണിക്കാമെന്ന് ഗവൺമെൻ്റ് പറഞ്ഞതാണ്. എന്നാൽ മൂന്നു ദിവസത്തിനു ശേഷം വയനാട് ഉരുൾപൊട്ടൽ ഉണ്ടായെന്നും തൻ്റെ ലീവ് റദ്ദാക്കുകയായിരുന്നെന്നും സന്ദേശത്തിൽ പറയുന്നു.

ഉദ്യോഗസ്ഥനെന്ന നിലയില്‍ നവീനെക്കുറിച്ച് ആര്‍ക്കും ഒരു കുറ്റവും പറയാന്‍ കഴിയില്ലെന്ന് പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനനും പ്രതികരിച്ചിരുന്നു. തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ ദിവ്യയെന്നല്ല ആര്‍ക്കെതിരെ ആയാലും നടപടി സ്വീകരിക്കണം. പാര്‍ട്ടിക്ക് രേഖാമൂലം പരാതി നല്‍കേണ്ടി വന്നാല്‍ അങ്ങനെയും ചെയ്യുമെന്നും മോഹനന്‍ പറഞ്ഞിരുന്നു.


ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്.

SCROLL FOR NEXT