NEWSROOM

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം വേണം; വിജിലൻസിന് പരാതി നൽകി ആർവൈഎഫ്

പ്രശാന്തന്റെ പരാതിയുടെ നിജസ്ഥിതിയും വരുമാനവും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു

Author : ന്യൂസ് ഡെസ്ക്

എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന പ്രശാന്തന്റെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്ന് വിജിലൻസിന് പരാതി നൽകി
ആർവൈഎഫ്. പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലി നൽകുന്നതും കൈക്കൂലി ആവശ്യപ്പെട്ടത് വിജിലൻസിൽ അറിയിക്കാത്തതും കുറ്റകരമാണെന്ന് പരാതിയിൽ പറയുന്നു. പ്രശാന്തന്റെ പരാതിയുടെ നിജസ്ഥിതിയും വരുമാനവും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ആർ വൈ എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനാണ് പരാതി നൽകിയത്.

നവീന്‍ ബാബുവിനെതിരായ പരാതി തയ്യാറാക്കിയത് ജീവനൊടുക്കിയ വിവരം അറിഞ്ഞ ശേഷമെന്ന വാദവും ഉയര്‍ന്നിരുന്നു. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പിഡിഎഫ് കോപ്പി അടക്കം പങ്കുവെച്ചായിരുന്നു പ്രശാന്തൻ വെളിപ്പെടുത്തിയത്. എഡിഎമ്മിൻ്റെ ചുമതല വഹിച്ചിരുന്നത് നവീൻ ബാബുവെന്നാണ് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇക്കാര്യവും നവീൻ ബാബുവിൻ്റെ മരണത്തിന് ശേഷമാണ് പരാതി തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്നു.

സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു പരാതി ലഭിക്കുകയാണെങ്കിൽ മറുപടിയായി കൃത്യമായ അറിയിപ്പ് ലഭിക്കും. ഒപ്പം പരാതി വിജിലൻസിന് ഉൾപ്പെടെ കൈമാറുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പരാതിക്കാരന് ലഭിക്കും. അതേസമയം, വിജിലൻസ് ആസ്ഥാനത്തോ ഓഫീസിലോ എഡിഎമ്മിനെതിരായ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

SCROLL FOR NEXT