NEWSROOM

നാവിക സാഗർ പരിക്രമയുടെ രണ്ടാം ദൗത്യത്തിന് തുടക്കമായി; സാഹസിക യാത്ര നടത്തുന്നത് രണ്ട് വനിതാ നാവികർ

ഗോവയിലെ ഐഎന്‍എസ് മണ്‍ഡോവിയില്‍ നിന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയാണ് നാവിക സാഗർ പരിക്രമയുടെ രണ്ടാം ദൗത്യം ഫ്ലാഗ് ഓഫ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ നാവികസേനയുടെ നാവിക സാഗർ പരിക്രമയുടെ രണ്ടാം ദൗത്യത്തിന് തുടക്കമായി. നാവിക സേനയിലെ ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ കെ. ദില്‍ന, ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ എ. രൂപ എന്നിവരാണ് സാഹസിക യാത്രക്കായി തിരിച്ചത്. ഐഎൻഎസ്‍‌വി തരിണിയിൽ ലോകം ചുറ്റുന്ന ദൗത്യമാണ് നാവിക സാഗർ പരിക്രമ.

ഗോവയിലെ ഐഎന്‍എസ് മണ്‍ഡോവിയില്‍ നിന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയാണ് നാവിക സാഗർ പരിക്രമയുടെ രണ്ടാം ദൗത്യം ഫ്ലാഗ് ഓഫ് ചെയ്തത്. ബാഹ്യസഹായങ്ങള്‍ ഇല്ലാതെ കാറ്റിന്‍റെ സഹായത്തോടെ 21,600 നോട്ടിക്കല്‍ മൈല്‍ ദൂരം ഇരുവരും പായ്‌വഞ്ചിയില്‍ സഞ്ചരിക്കും. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ദൗത്യത്തിനായുള്ള തയാറെടുപ്പിലായിരുന്നു. ഗോൾഡൻ ഗ്ലോബ് റേസ് ഹീറോയും റിട്ടയേർഡ് മലയാളി നാവികനുമായ അഭിലാഷ് ടോമിയുടെ കീഴിലാണ് സാഹസിക യാത്രയ്ക്കായി ഇരുവരും പരിശീലനം പൂർത്തിയാക്കിയത്.

Also Read: സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കാൻ കോൾ റെക്കോർഡ് ചെയ്യും; പ്രധാനമന്ത്രിയുടെ ഫോൺ നിരസിച്ചെന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

യാത്രക്കിടെ ഭൂമധ്യരേഖ രണ്ട് തവണ കടക്കും. സമുദ്രത്തിലെ മൂന്ന് മഹാമുനമ്പുകളായ ഓസ്‌ട്രേലിയയിലെ കേപ് ല്യൂവിന്‍, ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്, ചിലിയിലെ കേപ് ഹോണ്‍ എന്നിവയിലൂടെയാണ് അതിസാഹസിക ദൗത്യം കടന്ന് പോകുന്നത്. എട്ട് മാസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഐഎന്‍എസ് മണ്‍ഡോവി തന്നെയാണ് യാത്രയുടെ ഫിനിഷിങ് പോയിന്‍റ്.

2017 സെപ്റ്റംബർ 10 മുതൽ 2018 മെയ് 21 വരെ 254 ദിവസം നീണ്ടുനിന്നതായിരുന്നു നാവിക സാഗർ പരിക്രമയുടെ ആദ്യ ദൗത്യം. നാവിക സേനയിലെ ആറ് വനിതകളെ ഉൾപ്പെടുത്തിയായിരുന്നു ആദ്യ ദൗത്യം.

SCROLL FOR NEXT