NEWSROOM

ഇന്ത്യയും പാകിസ്ഥാനും ഭൂതകാലം കുഴിച്ചുമൂടണം, നല്ല അയൽക്കാരായി ജീവിക്കണം: നവാസ് ഷെരീഫ്

ഇരുരാജ്യങ്ങളും തമ്മിൽ കൂടിക്കാഴ്ചകൾ നടത്തി, ഒരുമിച്ച് മുന്നോട്ട് പോകണമെന്നും നവാസ് ഷെരീഫ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയും പാകിസ്ഥാനും ഭൂതകാലം കുഴിച്ചുമൂടണമെന്നും, നല്ല അയൽക്കാരായി ജീവിക്കണമെന്നും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കഴിഞ്ഞ 70 വർഷത്തോളമായി നമ്മൾ കലഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, അടുത്ത 70 വ‍‍‍ർഷം അങ്ങനെയാകരുത്. ഇരുരാജ്യങ്ങളും തമ്മിൽ കൂടിക്കാഴ്ചകൾ നടത്തി, ഒരുമിച്ച് മുന്നോട്ട് പോകണമെന്നും നവാസ് ഷെരീഫ് പറഞ്ഞു. ഇമ്രാൻ ഖാൻ്റെ പ്രസ്താവനകൾ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ഇല്ലാതാക്കുന്ന തരത്തിലുള്ളതായിരുന്നു. ചിന്തിക്കാനോ പറയാനോ പാടില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്ക‍റിൻ്റെ പാകിസ്ഥാൻ സന്ദ‍ർശനം ഒരു മഞ്ഞുരുകലിൻ്റെ തുടക്കമായിരിക്കട്ടെ എന്നും നവാസ് ഷെരീഫ് പറഞ്ഞു.


നല്ല അയൽപക്കങ്ങളെ മിസ് ചെയ്യുന്നുവെന്നും, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം പരസ്പര ബഹുമാനത്തിലും പരമാധികാര സമത്വത്തിലും അധിഷ്ഠിതമായിരിക്കണമെന്നും ഇസ്ലാമാബാദിലെ ഉച്ചകോടിയിൽ പങ്കെടുത്ത് എസ്. ജയശങ്കറും പറഞ്ഞിരുന്നു. വിശ്വാസമില്ലാതാകുമ്പോൾ സഹകരണം ഉണ്ടാകില്ല, അതാണ് രണ്ട് അയൽക്കാരെക്കുറിച്ചുള്ള സൂക്ഷ്മമായ പരാമർശത്തിൽ ജയശങ്കർ എടുത്തുകാണിച്ചത്. അതിർത്തികളിലൂടെ കടന്നുവരുന്നത് തീവ്രവാദം, ഭീകരവാദം, വിഘടനവാദം എന്നീ മൂന്ന് തിന്മകളാണെങ്കിൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധവും, യാത്രകളും, ജനങ്ങൾ തമ്മിലുള്ള സൗഹൃദവും ഇല്ലാതാകുമെന്നു ജയശങ്കർ പറഞ്ഞു.


ഷാങ് ഹായ് കോര്‍പ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) സംഘടിപ്പിക്കുന്ന ഷാങ് ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് വിദേശകാര്യമന്ത്രി പാകിസ്ഥാനിലെത്തിയത്. വിദേശകാര്യ മന്ത്രി എന്ന നിലയിൽ എസ്. ജയശങ്കറിൻ്റെ ആദ്യ പാകിസ്ഥാൻ സന്ദർശനമാണിത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പാകിസ്ഥാൻ സന്ദർശിക്കുന്ന ഉയർന്ന സർക്കാർ പ്രതിനിധിയാണ് ജയശങ്കർ. ഓഗസ്റ്റ് 2016 ലാണ് അവസാനമായി ഒരു ഇന്ത്യൻ മന്ത്രി ബഹുമുഖ യോഗത്തിൽ പങ്കെടുക്കുന്നത്. 2015 ഡിസംബറിലാണ് അവസാനമായി ഒരു വിദേശകാര്യ മന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്.

SCROLL FOR NEXT